വയനാട്ടിൽ പ്രതിഷേധമിരമ്പുന്നു; ആയിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തി ശക്തി പ്രകടനം

രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിച്ചതിനെതിരെ വയനാട്ടിൽ യുഡിഎഫിന്റെ പ്രതിഷേധം ഇരമ്പി. ആയിരക്കണക്കിന് പ്രവർത്തകരാണ് കൽപറ്റയിൽ നടന്ന ശക്തി പ്രകടനത്തിൽ അണിനിരന്നത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ ആരോപിച്ചു. പ്രതിരോധിക്കാൻ തീരുമാനിച്ചാൽ സിപിഎമ്മുകാർ ആരും പുറത്തിറങ്ങി നടക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. പ്രതിഷേധങ്ങൾക്കിടെ വ്യാഴാഴ്ച്ച രാഹുൽ ഗാന്ധി വയനാട്ടിൽ എത്തും.

രാഹുൽ ഗാന്ധി എം.പി ഓഫീസ് ആക്രമണത്തിനെതിരെ വയനാട്ടിൽ പ്രതിഷേധം അവസാനിക്കുന്നില്ല. ആയിരക്കണക്കിന് പ്രവർത്തകരാണ്  കൽപറ്റയിൽ നടന്ന മാർച്ചിൽ പങ്കെടുത്തത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, എം.പിമാർ, എംഎൽഎമാർ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. റാലിയുടെ തുടക്കത്തിലും കടന്നു വരുന്ന വഴിയിലും പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. നേതാക്കൾ ഇടപെട്ടാണ് സംഘർഷം ഒഴിവാക്കിയത്.

എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിന് പിന്നിൽ മുഖ്യമന്ത്രിയാണെന്ന് എംപി ഓഫീസ് സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് പറഞ്ഞു. എതിർക്കാനും തിരിച്ചടിക്കാനും കോൺഗ്രസിനും കഴിവുണ്ടെന്ന് കെ.പി സി.സി പ്രസിഡന്റിന്റെ മുന്നറിയിപ്പ്. എസ്എഫ്ഐ അർഎസ്എസിന് പഠിക്കുകയാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. ഈ മാസം 30 ന് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തും. പൊതുപരിപാടികൾ അടക്കം സംഘടിപ്പിച്ച് ശക്തിതെളിയിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.