മസ്കുലർ ഡിസ്ട്രോഫിയെ അതിജീവിച്ച് പെട്ടിക്കട തുടങ്ങി; കുത്തിത്തുറന്ന് മോഷണം, ക്രൂരത

ബാലുശ്ശേരി ∙ അതിജീവനത്തിനിടെ കടയിൽ മോഷണം. മസ്കുലർ ഡിസ്ട്രോഫി ബാധിച്ച് കിടപ്പിലായ ശേഷം സ്കൂൾ കാലത്തെ സഹപാഠികളുടെ സഹായത്തോടെ അതിജീവനത്തിലേക്ക് പിച്ചവച്ചു തുടങ്ങിയ വട്ടോളി ബസാർ കൈതോട്ടുവയൽ ജിതിനാണ് മോഷ്ടാവിന്റെ ക്രൂരതയിൽ തളർന്നു പോയത്. വട്ടോളി ബസാറിൽ കരിയാത്തൻകാവ് റോഡരികിൽ പെട്ടിക്കട നടത്തിയാണ് ജിതിൻ ഇപ്പോൾ ജീവിത പ്രതിസന്ധികളെ മറികടക്കുന്നത്.

ബാലുശ്ശേരി വട്ടോളി ബസാറിലെ പനങ്ങാട് സൗത്ത് എയുപി സ്കൂളിലെ ജിതിന്റെ സഹപാഠികളുടെ കൂട്ടായ്മയായ 2002 ക്യൂ ബാച്ചിന്റെ നേതൃത്വത്തിലാണ് കട തുടങ്ങിയതും സഞ്ചരിക്കാൻ വൈദ്യുതി ചക്രക്കസേര ലഭ്യമാക്കിയതും. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പെട്ടിക്കട കുത്തിത്തുറന്ന് മോഷണം നടത്തിയത്. അയ്യായിരത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ജിതിന് ഒരു കൈ ചലിപ്പിക്കാൻ തന്നെ മറുകൈ കൂടി സഹായിക്കണം. അതിനാൽ സാധനങ്ങൾ എല്ലാം കടയിൽ നിരത്തി വച്ചിരിക്കുകയാണ്.

ആളുകൾ വേണ്ടത് എടുത്ത് നിശ്ചിത പണം നൽകുന്നതാണ് ഈ കടയിലെ പതിവ്. പൊലീസിന്റെ കൃത്യമായ ഇടപെടൽ ഉണ്ടാകുമെന്ന് ബാലുശ്ശേരി എസ്എച്ച്ഒ എം.കെ.സുരേഷ് കുമാർ പറഞ്ഞു. കടയിലുണ്ടായ മോഷണത്തിൽ നഷ്ടം സംഭവിച്ച ജിതിനു ടീം വട്ടോളി ബസാർ വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നാലായിരം രൂപയുടെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. അച്ഛൻ രവീന്ദ്രനും അമ്മ ബാലാമണിയും സഹോദരനും അടങ്ങുന്നതാണ് ജിതിന്റെ കുടുംബം.

വീട്ടിലേക്കുള്ള വഴിയുടെ ശോച്യാവസ്ഥ കാരണം ചക്രക്കസേരയിലെ സഞ്ചാരം പ്രയാസകരമാണ്. വൈദ്യുതി വീൽചെയറിന്റെ ചക്രങ്ങൾ പെട്ടെന്നു തന്നെ തകരാറിലാകുന്നതായി ജിതിൻ പറഞ്ഞു. പ്ലസ്ടു ക്ലാസിൽ പഠിക്കുമ്പോഴാണ് കാലിലെ വേദനയുടെ രൂപത്തിൽ രോഗം തുടങ്ങുന്നത്. ഒട്ടേറെ കേന്ദ്രങ്ങളിൽ ചികിത്സ നടത്തിയെങ്കിലും കിടപ്പിലാകുന്ന അവസ്ഥയിൽ എത്തുകയായിരുന്നു.