കാട്ടിലേക്ക് മടങ്ങാതെ പരുക്കേറ്റ കാട്ടാന; ഭീതിയൊഴിയാതെ നാട്

പരുക്കേറ്റ കാട്ടാന ജനവാസ മേഖലയില്‍ സ്ഥിര താമസമാക്കിയതിന്‍റെ ഭീതിയിലാണ് മലപ്പുറം മൂത്തേടത്തെ നാട്ടുകാര്‍. കഴിഞ്ഞ കുറെ ദിവസങ്ങളായി വീടുകളുടെ പരിസരങ്ങളില്‍ കാട്ടാനയുടെ സാന്നിധ്യം പതിവായതോടെ പുറത്തിറങ്ങാനാവാത്ത ഗതികേടിലാണ് കുടുംബങ്ങള്‍.

ഇപ്പോള്‍ എല്ലാ ദിവസളിലും വിട്ടുമുറ്റത്തോ പരിസരങ്ങളിലോ കാട്ടാനയുടെ സാന്നിധ്യമുണ്ട്. ബഹളം വയ്ക്കുബോള്‍ കാട്ടാനകള്‍ സാധാരണ പിന്‍മാറാറുണ്ട്. എന്നാല്‍ എത്ര ശബ്ദമുണ്ടാക്കി പേടിപ്പിച്ചാലും ഈ മോഴയാനക്ക് കുലുക്കമില്ല. ആനയുടെ വലതുകാലില്‍ പരുക്കേറ്റിട്ടുണ്ട്. മുറിവേറ്റ കാലുമായി വേഗത്തില്‍ നടക്കാനും ആന ബുദ്ധിമുട്ടുന്നുണ്ട്. 

ചിലപ്പോള്‍ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും പിന്നാലെ ആന ഒാടുന്നുണ്ട്. കഴിഞ്ഞ ദിവസം തീക്കടി കോളനിയിലെ വീടുകള്‍ തകര്‍ത്തിരുന്നു. വനാതിർത്തിയോടു ചേർന്ന കൽക്കുളം, തീക്കടി, ചീനിക്കുന്ന്, നാരങ്ങാപ്പൊട്ടി, ആലുവപ്പെട്ടി ഭാഗങ്ങളിലൂടെയാണ് പതിവു സഞ്ചാരം. ആനയെ മയക്കുവെടി വച്ച് പിടികൂടി വിദഗ്ധ ചികില്‍സ നൽകിയ ശേഷം വിട്ടയക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ വനം ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് കാര്യമായ ഇടപെടലുണ്ടായിട്ടില്ല.