പൂട്ട് വീണിട്ട് 13 വർഷം; തകർച്ചയുടെ വക്കിൽ ആരോഗ്യകേന്ദ്രം; തുറക്കണമെന്നാവശ്യം

മണ്ണാർക്കാട് തെങ്കര പഞ്ചായത്തിലെ ആരോഗ്യ വകുപ്പിന്റെ തത്തേങ്ങലം സബ് സെന്ററിന് താഴ് വീണിട്ട് പതിമൂന്ന് വര്‍ഷം. സാമൂഹ്യവിരുദ്ധ ശല്യത്തിനൊപ്പം പൂട്ടിയിട്ട കെട്ടിടം തകർച്ചയുടെ വക്കിലാണുള്ളത്. അറ്റകുറ്റപ്പണി നടത്തി ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന കേന്ദ്രമാക്കി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മലയോര മേഖലയിലെ നിരവധി കുടുംബങ്ങളുടെ പ്രധാന ആശ്രയ കേന്ദ്രമായിരുന്നു തത്തേങ്ങലത്തെ സബ് സെന്റർ. ഇന്ത്യൻ പോപ്പുലേഷൻ പ്രൊജക്ടിന്റെ കീഴിലാണ് കേന്ദ്രം സ്ഥാപിച്ചിരുന്നത്. കരിമ്പൻകുന്ന്, കാരക്കുണ്ട്, മൂച്ചിക്കുന്ന് ആദിവാസി കോളനികളിലുള്ളവരും കൈതച്ചിറ കാളക്കാട്, ചേറുംകുളം മേഖലകളിലുള്ളവരും പ്രഥമ ശുശ്രൂഷ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ആശ്രയിച്ചിരുന്ന ഇടം. സബ് സെന്റര്‍ അടച്ചതോടെ നിലവിൽ പത്ത് കിലോമീറ്റർ അകലെയുള്ള താലൂക്ക് ആശുപത്രിയെ ആശ്രയിക്കണ്ട സ്ഥിതിയാണ്. കുട്ടികൾക്ക് പോളിയോ മരുന്ന് നല്‍കുന്നത് സമീപത്തെ അംഗന്‍വാടിയിലേക്ക് മാറ്റി. കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഉള്‍പ്പെടെ കാട് മൂടിയ സ്ഥിതിയാണ്. പുറകുവശത്തെ ജനല്‍ കമ്പി അറുത്ത് മാറ്റി അതുവഴി സാമൂഹിക വിരുദ്ധർ കെട്ടിടത്തിനുള്ളിൽ കയറുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്. 

തത്തേങ്ങലം സബ് സെന്ററിന്റെ അറ്റകുറ്റപ്പണിക്കായി അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും അനുമതി ലഭിക്കുന്ന പണി പൂര്‍ത്തിയാക്കി തുറന്ന് നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്ത് അറിയിച്ചു.