പട്ടയ നടപടി വൈകുന്നു; അനാസ്ഥ; കടവൂർ വില്ലേജ് ഓഫിസിന് മുന്നിൽ പ്രതിഷേധം

അറുപത് കുടുംബങ്ങളുടെ പട്ടയ നടപടി വൈകുന്നതിനെതിരെ എറണാകുളം കോതമംഗലത്തിനടുത്ത് കടവൂര്‍ വില്ലേജ് ഓഫിസിന് മുന്നില്‍ വന്‍ പ്രതിഷേധം. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ഓഫിസ് പ്രവര്‍ത്തനം തടസപ്പെടുത്താനുള്ള നീക്കം പൊലീസ് തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ ആര്‍.ഡി.ഓ അടക്കം സ്ഥലത്തെത്തി.

കടവൂര്‍ വില്ലേജിലെ മാവുംതൊട്ടി ഭാഗത്തുള്ള അറുപത് കുടുംബങ്ങളുടെ പട്ടയത്തിന് നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ അനാസ്ഥ തുടരുന്നുവെന്നാണ് ആക്ഷേപം. വില്ലേജ് ഓഫിസറും, തഹസില്‍ദാരുമടക്കം ബോധപൂര്‍വം കാലംതാമസം വരുത്തുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ച് പൈങ്ങോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയായി വില്ലേജ് ഓഫിസിന് മുന്നില്‍ അനിശ്ചിതകാല സമരം തുടരുകയാണ്. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി വില്ലേജ് ഓഫിസ് വളയാനുള്ള ശ്രമം പൊലീസ് തടഞ്ഞു. പ്രശ്നപരിഹാരം വാഗ്ദാനം ചെയ്ത് ആര്‍.ഡി.ഒയും, തഹസില്‍ദാരുമടക്കം സ്ഥലത്തെത്തി. പട്ടത്തിന്റെ കാര്യത്തില്‍ തീരുമാനമാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരസമിതി.

മാവുംതൊട്ടി ഭാഗത്ത് പതിറ്റാണ്ടുകളായി താമസിക്കുന്നവര്‍ക്കാണ് പട്ടയം ലഭിക്കാത്തത്. മുഖ്യമന്ത്രിയുടെ അദാലത്തിലടക്കം പരാതി നല്‍കിയിരുന്നു.