'നാടാണ് ഇനി വീട്'; 'അഞ്ജന'ത്തിലേക്ക് മടങ്ങി എ.കെ ആന്റണി

നാട്ടിലേയ്ക്ക് മടങ്ങിയെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്ക് പ്രവര്‍ത്തകരുടെ ആവേശോജ്വല സ്വീകരണം. അദ്ദേഹം ഇനി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. നേതൃത്വപരമായി ഇടപെടാനില്ലെന്നും പാര്‍ട്ടി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി വിട്ട എ.കെ ആന്റണിക്ക് നാടാണിനി വീട്. പതിവ് ചിരിയോടെ വിമാനത്താവളത്തിലെത്തിയ ആന്റണിയെ അദ്ദേഹത്തിന്റെ മുഖചിത്രമുളള പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. വി.എം സുധീരനും പാലോട് രവിയും ചേര്‍ന്ന് സ്വീകരിച്ചു. 

81-ാം വയസില്‍ ദേശീയ രാഷ്ട്രീയം അവസാനിപ്പിച്ചാണ് ആന്റണിയുടെ മടക്കം. കണ്ണീരോടെയാണ് ഡല്‍ഹിയിലെ വീട്ടില്‍ ജീവനക്കാര്‍ യാത്രയാക്കിയത്. ഭാര്യ എലിസബത്തിനും മകന്‍ അജിത്തിനുമൊപ്പമാണ് അദ്ദേഹമെത്തിയത്. ആരോഗ്യപ്രശ്നങ്ങളുളളതിനാല്‍ രണ്ടുമാസത്തേയ്ക്ക് പൊതുപരിപാടികള്‍ ഒഴിവാക്കാനാണ് തീരുമാനം. ഏറെ പ്രിയപ്പെട്ട ജഗതി ഈശ്വരവിലാസത്തിലെ അഞ്ജനം ആയിരിക്കും ഇനി ആന്റണിയുടെ സ്ഥിരം മേല്‍വിലാസം.