'നെഹ്‌റു കുടുംബം ഇല്ലാതെ കോൺഗ്രസിന് നിലനിൽപ്പില്ല'; വിശ്രമം തേടി എ.കെ ആന്‍റണി കേരളത്തിലേയ്ക്ക്

നെഹ്‌റു കുടുംബം ഇല്ലാതെ കോൺഗ്രസിന് നിലനിൽപ്പില്ലെന്ന് എ. കെ ആന്റണി. കോൺഗ്രസിന്റെ മുഖ്യ പങ്കാളിത്തമില്ലാത്ത ഒരു പ്രതിപക്ഷനിരയ്ക്കും ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രസക്തിയില്ല. കേരളത്തിൽ പാർട്ടിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു പ്രവർത്തിയും തന്റെ ഭാഗത്ത്‌ നിന്നുണ്ടാകില്ലെന്നും എ.കെ ആന്റണി പറഞ്ഞു. രണ്ടു പതിറ്റാണ്ട് കാലത്തെ ദേശീയരാഷ്ട്രീയ ജീവിതത്തില്‍ നിന്ന് വിശ്രമം തേടി ആന്‍റണി നാളെ കേരളത്തിലേയ്ക്ക് മടങ്ങും. 

കോൺഗ്രസ് തകർച്ചയിൽ നിന്ന് തിരിച്ചു വരുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചാണ് എ.കെ ആന്റണി പാർലമെന്ററി ജീവിതം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുന്നത്. നാട്ടിലെത്തുമ്പോൾ കെ കരുണാകരന്റെ അഭാവം വേദനയുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പൂച്ചെണ്ടുകളെക്കാൾ വിമർശനമാണ് നല്ലതെന്ന് പറഞ്ഞു നിർത്തിയാണ് കേരളത്തിലേക്ക് മടങ്ങും മുൻപുള്ള അവസാന വാർത്ത സമ്മേളനം എ കെ ആന്റണി പൂർത്തിയാക്കിയത്.