‍‍ഡൽഹിയിൽ നിന്ന് മടക്കം; ഇനി എ.കെ ആന്‍റണിയുടെ തട്ടകം കേരളം; സസ്പെൻസിട്ട് റോൾ

രണ്ടു പതിറ്റാണ്ട് കാലത്തെ ദേശീയരാഷ്ട്രീയ ജീവിതത്തില്‍ നിന്ന് വിശ്രമം തേടി കോണ്‍ഗ്രസിന്‍‌റെ മുതിര്‍ന്ന നേതാവ് എ.കെ ആന്‍റണി നാളെ കേരളത്തിലേയ്ക്ക് മടങ്ങും. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് താമസം മാറ്റുന്നത്. സംസ്ഥാനരാഷ്ട്രീയത്തില്‍ ഇടപെടില്ലെന്ന് ആന്‍റണി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ഇന്നും ആരാധകരും അനുയായികളുമുള്ള ആന്‍റണിയുടെ റോള്‍ എന്താകുമെന്ന സസ്പെന്‍സ് തുടരുകയാണ്.

അഴിമതിയുടെ കറ പുരളാത്ത ഖദര്‍.. ദേശീയ രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം. പുതിയകാല ഡല്‍ഹിക്ക് പരിചിതമല്ലാത്ത ആദര്‍ശ രാഷ്ട്രീയത്തിന്‍റെ ആള്‍രൂപമാണ് അറയ്ക്കപ്പറമ്പില്‍ കുര്യന്‍ ആന്‍റണി എന്ന എ.കെ ആന്‍റണി. ഇതുവരെ നല്‍കിയ അവസരങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോട് നന്ദി പറഞ്ഞാണ് പാര്‍ലമെന്‍ററി രാഷ്ട്രീയം എ.കെ ആന്‍റണി അവസാനിപ്പിച്ചത്. 

ദേശീയ നേതൃത്വത്തില്‍ തുടരുമെങ്കിലും കേരളമായിരിക്കും ഇനി ആന്‍റണിയുടെ തട്ടകം. 27 വര്‍ഷം നീളുന്ന രാജ്യസഭാ കാലാവധിയില്‍ 2005 മുതലുള്ള 18 വര്‍ഷം ഒരുമിച്ച് പൂര്‍ത്തിയാക്കിയ ശേഷമാണ് കേരളത്തിലേക്കുള്ള യാത്ര. യുപിഎ ഭരണകാലത്ത് പ്രതിരോധ മന്ത്രാലയം കൈകാര്യം ചെയ്ത ആന്‍റണി സര്‍ക്കാരിന്‍റെ സുപ്രധാന തീരുമാനങ്ങള്‍ക്ക് പിന്നിലെ ബുദ്ധി കേന്ദ്രമായിരുന്നു. ഒരുപാട് അഴിമതി ആരോപണങ്ങളില്‍ കോണ്‍ഗ്രസ് കലങ്ങി മറിഞ്ഞപ്പോഴും അതില്‍ നിന്ന് വ്യത്യസ്തനായി ആന്‍റണി നിലകൊണ്ടു. എല്ലാ സമിതികളിലും അംഗമായ ആന്‍റണി പാര്‍ട്ടിയിലെ ഏറ്റവും സ്വീകാര്യനാണ്. സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായി തുടരും. കെ.വി തോമസിനെതിരെ അച്ചടക്കത്തിന്‍റെ വാളോങ്ങിയ ശേഷമാണ് എ.കെ ആന്‍റണി നാട്ടിലേക്ക് പുറപ്പെടുന്നത് എന്നതും ശ്രദ്ധേയം‌