ചന്ദനം മണത്തു പിടിച്ചു; കൊള്ളക്കാരുടെ പേടിസ്വപ്നം; കിച്ചു പോയി; ബൽവിനു കൂട്ടായി ഫില

   മറയൂരിലെ ചന്ദനം കൊള്ളക്കാരുടെ പേടിസ്വപ്നമായിരുന്നു കിച്ചു . കിച്ചു പോയതിനു പിന്നാലെ ബെൽവിന് കൂട്ടായി ഫില എത്തി. ചന്ദനം മണത്തുപിടിക്കാൻ 2011 മുതൽ ഡോഗ് സ്ക്വാഡ് രംഗത്തെത്തിയതോടെ ഒട്ടേറെ ചന്ദനക്കടത്ത് കേസുകൾ പിടികൂടാൻ കഴിഞ്ഞിരുന്നു. ചന്ദനം മണക്കാൻ ആദ്യമായി പരിശീലനം നേടിയ കിച്ചുവാണ് വാഹനങ്ങളിലും കാടിനുള്ളിലും ഒളിപ്പിച്ചുവച്ച ചന്ദനം കണ്ടെടുത്തിരുന്നത്.

പിന്നാലെ ചന്ദനക്കടത്ത് പരിശോധനയ്ക്കായി ബെൽവിനുമെത്തി. ഇരുനായ്ക്കളും ചന്ദനം കൊള്ളക്കാരുടെ പേടിസ്വപ്നമായി മാറിയിരുന്നു. കഴിഞ്ഞ നവംബർ 23നു വാർധക്യ സഹജമായ രോഗങ്ങളെ തുടർന്നു കിച്ചു മരിച്ചു. ഇതോടെ ഒറ്റയ്ക്കായ ബെൽവിനു കൂട്ടായി ഇരവികുളം ദേശീയ ഉദ്യാനത്തിൽ ഉണ്ടായിരുന്ന ഫിലയെന്ന നായയെയാണ് എത്തിച്ചിരിക്കുന്നത്. അഞ്ചര വയസ്സുള്ള ഫില 4 വർഷമാണ് ഇരവികുളം ദേശീയോദ്യാനത്തിൽ പ്രവർത്തിച്ചത്. ചന്ദനം, വന്യമൃഗവേട്ട എന്നിവയിൽ പരിശീലനം നേടിയ നായയാണ് ഫില.