ലോക്ഡൗണിനോട് സഹകരിച്ച് ജനങ്ങൾ; ഒഴിഞ്ഞ് നിരത്തുകൾ

കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ കേരളത്തിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളോട് സഹകരിച്ച് ജനങ്ങള്‍. നിയന്ത്രണസമയം പകുതി പിന്നിടുമ്പോള്‍ റോഡില്‍ യാത്രക്കാര്‍ കുറവാണ്. തുറക്കാന്‍ അനുവാദമുള്ള സ്ഥാപനങ്ങളിലും പകുതിയിലേറെയും തുറന്നില്ല. അതിര്‍ത്തി മേഖലകളിലും പൊലീസ് പരിശോധന കര്‍ശനമാക്കി.

നേരം പുലരും മുന്‍പെ റോഡില്‍ ബാരിക്കേഡും പൊലീസും നിരന്നു. വെളിച്ചം വീണതോടെ യാത്രക്കാരും എത്തിത്തുടങ്ങി. എല്ലാവരെയും തടഞ്ഞു, അത്യാവശ്യയാത്രക്കാര്‍ക്കെല്ലാം സുഖയാത്ര, അല്ലാത്തവര്‍ക്ക് തിരിച്ചയക്കലും േകസും.

സ്വകാര്യചടങ്ങുകള്‍ക്ക് അനുവാദമുള്ളതിനാല്‍ കല്യാണയാത്രക്കാര്‍ കൂടുതലായിരുന്നു. അതൊഴിച്ചാല്‍ ആരാധനലയങ്ങളിലേക്കുള്ള യാത്രക്കാര്‍ പോലും കുറവ്. തിരക്കൊഴിഞ്ഞതോടെ പൊലീസുകാര്‍ പോലും പരിശോധന നിര്‍ത്തി വിശ്രമത്തിലേക്ക്.

കെ.എസ്.ആര്‍.ടി.സി അത്യാവശ്യ സര്‌‍‍വീസുകള്‍ നടത്തിയതിനാല്‍ യാത്രക്കാര്‍ വലിയതോതില്‍ വലഞ്ഞില്ല. വ്യാപാരമേഖലയിലും ലോക്ഡൗണ്‍ സമാന അടച്ചിടല്‍ തന്നെ. തമിഴ്നാട്ടിലും വാരാന്ത്യലോക്ഡൗണായതിനാല്‍ അതിര്‍ത്തി മേഖലകളിലും തിരക്ക് കുറവ്. വാളയാറില്‍ കേരളം പരിശോധനയിലേക്ക് കടന്നില്ലങ്കിലും തമിഴ്നാട് പരിശോധന കര്‍ശനം.