‘ആള്‍ക്കൂട്ടം ഒഴിവാക്കണം’; കലക്ടര്‍ക്ക് സിപിഎം സമ്മേളന ‘പൊങ്കാല’..!

‘കൂട്ടം കുറച്ചാല്‍ നേട്ടം കൂടും. തിരക്കുകളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കുക. കോവിഡ് പകരാനുള്ള സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക’ തൃശൂര്‍ ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലെ സന്ദേശമായിരുന്നു ഇത്. പോസ്റ്റിട്ട ഉടനെ കമന്റ് ബോക്സ് നിറഞ്ഞു. ഭൂരിഭാഗം സന്ദേശങ്ങളും സി.പി.എം. സമ്മേളന ചിത്രങ്ങള്‍ സഹിതമായിരുന്നു. കലക്ടറുടെ ഈ നിര്‍ദ്ദേശം പടുകൂറ്റന്‍ ബോര്‍ഡിലാക്കി സി.പി.എം സമ്മേളനം നടക്കുന്ന തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തൂക്കാനായിരുന്നു ഉപദേശം. തിരുവാതിര കളിക്ക് അകലം പാലിക്കണോ തുടങ്ങി പലതരത്തിലുള്ള കമന്റുകള്‍ വന്ന് നിറഞ്ഞു. ഇതോടെ, എഫ്.ബി. പേജില്‍ കമന്റ് ചെയ്യുന്നത് ഒഴിവാക്കി. 175 പേര്‍ പങ്കെടുത്ത സി.പി.എം. തൃശൂര്‍ ജില്ലാ സമ്മേളനത്തിന് എതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. കലക്ടര്‍ക്ക് പല സംഘടനകളും പരാതി നല്‍കി. എന്നിട്ടും, നടപടിയെടുത്തില്ലെന്നാണ് വിമര്‍ശനം. ഹാളില്‍ നടക്കുന്ന പരിപാടികളില്‍ അന്‍പതു പേര്‍ക്കായിരുന്നു അനുമതി. പക്ഷേ, 175 പേരാണ് സി.പി.എം. സമ്മേളനത്തിലെ പ്രതിനിധികള്‍. ഈ ചിത്രങ്ങള്‍ കമന്റ് ബോക്സിലിട്ടായിരുന്നു ആളുകള്‍ പ്രതിഷേധം അറിയിച്ചത്. കെ.എസ്.യു പ്രവര്‍ത്തകരാണെങ്കില്‍ കലക്ടറേറ്റ് കവാടത്തില്‍ തിരുവാതിര കളിച്ചും പ്രതിഷേധിച്ചിരുന്നു.