റോഡുപണി പാതിവഴിയിൽ; കരാറുകാർ മുങ്ങി; ഇടപെടാതെ എംഎൽഎയും

കോഴിക്കോട് പെരുമണ്ണയില്‍ റോഡ് പണി പൂര്‍ത്തിയാക്കാതെ കരാറുകാര്‍ മുങ്ങി. പൊറ്റമൽ- പുത്തൂർമഠം റോഡിന്‍റെ നിര്‍മാണ പ്രവൃത്തിയാണ് പാതിവഴിയില്‍ നിലച്ചത്. പ്രശ്നത്തില്‍ സ്ഥലം എംഎല്‍എ അടക്കമുള്ളവര്‍ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. 

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പൊറ്റമ്മല്‍ പൂത്തൂര്‍മഠം റോഡ് പുതുക്കിപണിയാന്‍ അനുമതി ലഭിച്ചത്. എന്നാല്‍ നിര്‍മാണ പ്രവൃത്തി തുടങ്ങി ദിവസങ്ങള്‍ക്കകം പണി നിലച്ചു. കരാറുകാരാകട്ടെ മുങ്ങിയ മട്ടാണ്. നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നുവെന്ന കാരണം പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് റോഡ് അടച്ചു.  ഇതോടെ നാട്ടുകാർക്ക് ഉള്ള റോഡും ഇല്ലാതായ അവസ്ഥയിലായി . പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ സര്‍വീസ് നടത്താന്‍ മടിച്ചു നിന്ന ബസുകള്‍ റോഡ് അടയ്ക്കുക കൂടി ചെയ്തതോടെ സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവച്ചു. റോഡ് പണി അനന്തമായി നീണ്ടുപോകുന്നതുമൂലം സമീപവാസികള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ വേറെ. അഴുക്കുചാല്‍ നിര്‍മാണം തുടങ്ങിയപ്പോഴാണ് കരാറുകാര്‍ റോഡുപണി ഉപേക്ഷിച്ചുപോയതെന്ന് നാട്ടുകാര്‍ പറയുന്നു. എംഎല്‍എ അടക്കമുള്ളവരുടെ അടിയന്തര ഇടപെടല്‍ ഉണ്ടെങ്കിലേ റോഡ് പണി പുനരാരംഭിക്കാനാകൂ.