ഭൂമി കയ്യേറി വേലി കെട്ടി തിരിച്ചു; എസ് രാജേന്ദ്രനെ തടഞ്ഞ് റവന്യു വകുപ്പ്; പുതിയ വിവാദം

ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രന്റെ നേതൃത്വത്തിൽ സർക്കാർ ഭൂമി കയ്യേറി വേലി കെട്ടി തിരിച്ചത് റവന്യു വകുപ്പ് തടഞ്ഞു. മൂന്നാർ രാജീവ്ഗാന്ധി കോളനിയിലെ 8 സെന്റ് സർക്കാർ ഭൂമിയാണ് കയ്യേറാന്‍ ശ്രമിച്ചത്. നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് സിപിഎം നടപടിയെടുക്കാരിനിരിക്കെയാണ് രാജേന്ദ്രന്റെ പുതിയ വിവാദം.

രാജീവ്ഗാന്ധി കോളനിയില്‍ രാജേന്ദ്രന്റെ കൈവശമുള്ള നാല് സെന്റ് സ്ഥലത്തോട് ചേര്‍ന്ന് കിടക്കുന്ന 8 സെന്റാണ് കയ്യേറാന്‍ ശ്രമിച്ചത്. രാജേന്ദ്രനും ഭാര്യയും പത്തോളം പണിക്കാരുമായി എത്തി ഈ സ്ഥലത്ത് തൂണുകൾ നാട്ടി വേലി കെട്ടി. സമീപത്ത് താമസിക്കുന്നവർ അറിയിച്ചതനുസരിച്ച് സബ് കലക്ടറുടെ നിർദ്ദേശപ്രകാരം റവന്യു ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. കയ്യേറ്റം ബോധ്യപ്പെട്ട ഉദ്യോഗസ്ഥർ പണിക്ക് സ്റ്റോപ് മെമ്മോ നൽകി. ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും ചുറ്റുവേലി നിർമാണം പൂർത്തിയായിരുന്നു. ഇത് പൊളിച്ചുമാറ്റണമെന്നും മുൻ എംഎൽഎയോട് ആവിശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥര്‍ പോയ ശേഷം അവശേഷിച്ച ഭാഗത്തുകൂടി വേലി കെട്ടിത്തിരിച്ചു. എസ് രാജേന്ദ്രന്റെ വീട് നില്‍ക്കുന്ന സ്ഥലമുള്‍പ്പെടെ സര്‍ക്കാര്‍ ഭൂമിയാണെന്ന് മുന്‍പ് കണ്ടെത്തി കേസെടുത്തെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടായില്ല.