പൊങ്കൽ ആഘോഷിക്കാൻ ഇടുക്കിയും; ഒരുങ്ങി അതിർത്തി ഗ്രാമങ്ങളും തോട്ടം മേഖലയും

പൊങ്കൽ ആഘോഷിക്കാനൊരുങ്ങി ഇടുക്കിയിലെ അതിർത്തി ഗ്രാമങ്ങളും തോട്ടം മേഖലയും. തമിഴ് വംശജർ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലാണ് ആഘോഷം ഏറെയും. കോവിഡ് പശ്ചാത്തലത്തിൽ തമിഴ്നാട്ടിലേക്ക് പോകാതെ അതിർത്തി ഗ്രാമങ്ങളിൽ തന്നെയാണ് പൊങ്കൽ ആഘോഷം.

ഇടുക്കിയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പലയിടത്തും ഇതാണ് കാഴ്ച്ച. പൊങ്കലിനെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു ഇവര്‍. നാലുദിവസങ്ങളിലായാണ് ആഘോഷം. ഓരോ ദിവസങ്ങൾക്കും വ്യത്യസ്ത ചടങ്ങുകളാണ് ഉള്ളത്. വീടുകൾ അലങ്കരിച്ചും പ്രധാന വാതിലിൽ കാപ്പുകെട്ടി കോലങ്ങൾ വരച്ചും ഇവിടെ ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. 

ഓണത്തിന് സമാനമായ ഉല്‍സവമാണ് തമിഴ്നാട്ടുകാര്‍ക്ക് പൊങ്കല്‍. പൂക്കളമിടുന്നതുപോലെ ചെങ്കരിമ്പുകൊണ്ട് അലങ്കരിക്കുന്നതും ആഘോഷത്തിന്റെ ഭാഗമാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കരിമ്പിന്റെ വിപണി തകര്‍ച്ചയിലാണ്.