‘എനിക്കവനെ ഇടിക്കണം, കരാട്ടെ പഠിക്കണം...’; മനോനില തകർന്ന് പീഡിപ്പിക്കപ്പെട്ട പെൺകുട്ടി

‘‘എനിക്കവനെ ഇടിക്കണം, കരാട്ടെ പഠിക്കണം...’’ വാക്കുകൾ പൂർത്തിയാക്കാനാകാതെ തിരുവനന്തപുരത്തെ കോടതി മുറിയിൽ സാക്ഷിക്കൂട്ടിൽ നിന്ന അവളുടെ ശബ്ദം ഇടറി. പിന്നീട് അൽപനേരം വിതുമ്പി. ഒടുവിൽ നിശ്ശബ്ദയായി.  അതിവേഗ സ്പെഷൽ കോടതിയിലായിരുന്നു സംഭവം. പോക്സോ കേസിൽ  മൊഴി നൽകാൻ എത്തിയ പീഡനത്തിനിരയായ കുട്ടിയാണ് ഇത് പറഞ്ഞത്.  പീഡനദുരന്തം മനസ്സിലുണ്ടെങ്കിലും  ഒന്നും പറയാൻ കഴിഞ്ഞില്ല. സംഭവത്തെക്കുറിച്ചു ജഡ്ജി ആർ.ജയകൃഷ്ണൻ ചോദിച്ചപ്പോഴാണ് ഇത്രയും പറഞ്ഞത്. 

മനോനില തകർന്ന കുട്ടിക്കു വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ കോടതിയോടു പറഞ്ഞു. ഇതു പരിഗണിച്ചു കുട്ടിക്ക് അടിയന്തര ചികിത്സ നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു. മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗത്തിൽ ചികിത്സ നടത്താൻ നടപടി എടുക്കണമെന്നും നിർദേശിച്ചു. 2013 ൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ്  പതിനഞ്ചുകാരി പീഡനത്തിന് ഇരയായത്. ജന്മനാ മാനസിക വെല്ലുവിളി നേരിട്ട കുട്ടിയെ സമീപത്തുള്ള 2 പേരാണു പീഡിപ്പിച്ചത്. 

അമ്മ തടഞ്ഞിട്ടും പ്രതികൾ  കുട്ടിയെ വിട്ടില്ല. എതിർത്തപ്പോൾ ക്രൂരമായി മർദിച്ചു.  സംഭവത്തിനു ശേഷം കുട്ടിയുടെ മനോനില കൂടുതൽ താളം തെറ്റി. മാനസിക വെല്ലുവിളിയുള്ള അമ്മയും 90 വയസ്സായ അമ്മൂമ്മയും മാത്രമാണ് ആശ്രയം. കുട്ടിയെ ചികിത്സയ്ക്കു കൊണ്ടു പോകാൻ ആരുമില്ല. അതിനുള്ള സാമ്പത്തിക സ്ഥിതിയുമില്ല. കുറച്ചു വർഷങ്ങളായി കുട്ടി നേരെ സംസാരിക്കുന്നില്ല. കുട്ടിയെ ചികിത്സിക്കട്ടെ എന്ന് അമ്മയോടും അമ്മൂമ്മയോടും കോടതി ചോദിച്ചപ്പോൾ  ഇരുവരും സമ്മതിച്ചു. ചികിത്സയ്ക്കു വേണ്ട സഹായം നൽകാൻ കോടതി പൂജപ്പുര പൊലീസിനു നിർദേശം നൽകി.