റിപ്പബ്ലിക് ദിന പരേഡിൽ കേരളം പുറത്ത്; പ്ലോട്ട് തള്ളി കേന്ദ്രം

റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കാന്‍ കേരളം നല്‍കിയ പ്ലോട്ട് കേന്ദ്രസര്‍ക്കാര്‍ തള്ളി. വിനോദ സഞ്ചാര രംഗത്തെ നേട്ടങ്ങളും സ്ത്രീ ശാക്തീകരണ സന്ദേശവും ഉയര്‍ത്തിക്കാട്ടിയുള്ള പ്ലോട്ടില്‍ ആദി ശങ്കരന്‍റെ പ്രതിമ സ്ഥാപിക്കണമെന്ന ജൂറി നിര്‍ദേശിച്ചപ്പോള്‍ ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ ഉള്‍പ്പെടുത്താമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു. ഇതോടെയാണ് അവസാന റൗണ്ട്

വരെ പരിഗണിച്ച കേരളത്തിന്‍റെ പ്ലോട്ടിന് അനുമതി നിഷേധിക്കപ്പെട്ടത്.

വിനോദ സഞ്ചാര രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ പ്രമേയമാക്കി ചടയമംഗലത്തെ ജടായുപ്പാറയുടെ മാതൃകയാണ്  കേരളം പ്ലോട്ടാ തയ്യാറാക്കിയിരന്നത്. സ്ത്രീയുടെ അഭിമാനത്തിനും സുരക്ഷയ്ക്കുമാണ് പ്ലോട്ട് സമര്‍പ്പിച്ചത്. പ്ലോട്ടിന്‍റെ മുന്‍വശത്ത് ജടായുപ്പറായുടെ കവാടത്തിന്‍റെ മതൃകയായിരുന്നു കേരളം ആദ്യം നിര്‍ദേശിച്ചത്. ഇതിന് പകരം ആദി ശങ്കരന്‍റെ പ്രതിമ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ ജൂറി സംഘം നിര്‍ദേശിച്ചു. ആദി ശങ്കരന്‍റെ പ്രതിമ വേണ്ടെന്നും പകരം കേരളത്തിന്‍റെ നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ ഉള്‍പ്പെടുത്താമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ആദി ശങ്കരനെ ഉള്‍പ്പെടുത്താന്‍ ജൂറി സംഘത്തിലുളള ചിലര്‍  തുടര്‍ച്ചയായി സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല.  പ്ലോട്ടിന്‍റെ പ്രമേയം തീര്‍ത്ഥാടന വിനോദ സഞ്ചാരമല്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം. എങ്കിലും ശ്രീനാരയണ ഗുരുവിന്‍റെ പ്രതിമ ഉള്‍പ്പെടുത്തിയ പ്ലോട്ട് ഫൈനല്‍ റൗണ്ട് വരെ പരിഗണിച്ചു. കഴിഞ്ഞ മാസം പതിനെട്ടിനായിരുന്നു ജൂറിക്ക് മുന്‍പാകെ അവസാനം പ്രസന്‍റേഷന്‍.

അന്തിമ പ്ലോട്ടില്‍ ജൂറി തൃപ്തി അറിയിക്കുകയും സംഗീതം ചിട്ടപ്പെടുത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതോടെ പ്ലോട്ട് തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടതായി അറിയിച്ചുള്ള പ്രതിരോധ മന്ത്രാലയത്തിന്‍റെ കത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്ലോട്ടിന് അനുമതിയില്ലെന്ന വിവരമാണ് ലഭിച്ചത്.