പ്രൗഢഗംഭീരമായി റിപ്പബ്ലിക് ദിനാഘോഷം; 'പൗരത്വ'ത്തിൽ പ്രതിഷേധമുയർത്തി മന്ത്രിമാർ

റിപ്പബ്ലിക് ദിന സന്ദേശങ്ങളില്‍ പൗരത്വനിയമത്തിനും കേന്ദ്രസര്‍ക്കാരിനുമെതിരെ  പ്രതിഷേധമുയര്‍ത്തി സംസ്ഥാന മന്ത്രിമാര്‍ . അധികാരസ്ഥാനങ്ങള്‍ പോലും ഭരണഘടനയെ വെല്ലുവിളിക്കുന്നുവെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കേരളത്തോട് കേന്ദ്രം ശത്രുതാമനോഭാവം കാണിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് മന്ത്രി ടി. പി രാമകൃഷ്ണന്‍ ആരോപിച്ചു. സംസ്ഥാനത്ത് ജില്ലാകേന്ദ്രങ്ങളില്‍ പ്രൗഢഗംഭീരമായ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങുകള്‍ അരങ്ങേറി.

സംസ്ഥാനത്തെ  ജില്ലാ ആസ്ഥാനങ്ങളില്‍ വിദ്യാര്‍ഥികളടക്കം അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ് പ്രൗഢഗംഭീരമായി. പതാകയുയര്‍ത്തി സല്യൂട്ട് സ്വീകരിച്ച മന്ത്രിമാര്‍ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പൗരത്വനിയമത്തിനും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി.  അധികാരസ്ഥാനങ്ങള്‍ പോലും ഭരണഘടനയെ വെല്ലുവിളിക്കുന്നുവെന്ന് ആലപ്പുഴയില്‍ പതാകയയുര്‍ത്തിയ മന്ത്രി ജി.സുധാകരന്‍ പറഞ്ഞു

ഭരണഘടന മൂല്യങ്ങളെ തച്ചു തകർക്കുന്ന നിയമങ്ങൾ  അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ രാജ്യത്തു നടക്കുന്നവെന്ന് പത്തനം തിട്ടയില്‍ കടകംപള്ളി സുരേന്ദ്രന്‍പറഞ്ഞു. കേരളത്തെ ശത്രുതാ മനോഭാവത്തോടെ കേന്ദ്രം കാണുന്നത് ഫെഡറലിസത്തെ ദുര്‍ബലമാക്കുമെന്ന് കോഴിക്കോട് ടി.പി രാമകൃഷ്ണന്‍.

ഇന്ത്യമതരാഷ്ട്രമാക്കാനുള്ള ശ്രമത്തെചെറുക്കണമെന്ന് മേഴ്സിക്കുട്ടിയമ്മ കൊല്ലത്ത് പറഞ്ഞു. തർക്കങ്ങൾക്ക് പരിഹാരം കാണാൻ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നും ഇതിന് ആരുടെയും അനുവാദം ആവശ്യമില്ലെന്നും ഗവര്‍ണര്‍ക്കെതിരെ പരോക്ഷവിമര്‍ശനമുയര്‍ത്തി.