കുത്തിറക്കം കയറ്റം, കൊടും വളവ്, ഒപ്പം കുണ്ടും കുഴിയും; നടുവൊടിച്ച് റോഡ്

കുണ്ടും കുഴിയും നിറഞ്ഞ് അപകടക്കെണിയായി ഇടുക്കി ചേലച്ചുവട് – വണ്ണപ്പുറം റോഡ്. ഗട്ടർ നിറഞ്ഞ റോഡിലെ യാത്ര നടുവൊടിക്കുന്നതാണ്. ഒരു കുഴിയിൽ നിന്നും അടുത്ത കുഴിയിലേക്ക് ചാടിയുള്ള യാത്രയിൽ വാഹനങ്ങൾക്ക് കേടുപാടു സംഭവിക്കുന്നതും പതിവ് കാഴ്ച്ചയാണ്.

വണ്ണപ്പുറം മുതൽ കള്ളിപ്പാറ വരെയുള്ള ഭാഗത്ത് ഇതാണ് കാഴ്ച്ച. കുത്തിറക്കവും കയറ്റവും, കൊടും വളവുകളും നിറഞ്ഞ പാതയുടെ ശോചനീയാവസ്ഥ മൂലം ഭാരവാഹനങ്ങളും, ഇരുചക്ര യാത്രികരും അപകടത്തിൽ പെടുന്നതും പതിവാണ്. റോഡിന്റെ ഇരു വശങ്ങളും പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴി രൂപപ്പെട്ടു തുടങ്ങിയതോടെ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുവാൻ സാധിക്കാതെ കുഴികളിൽ വീണാണ് അപകടം ഉണ്ടാകുന്നത്.

ഹൈറേഞ്ചിൽ നിന്നും ലോ റേഞ്ചിലേക്കുള്ള ദൈർഘ്യം കുറഞ്ഞ വഴിയായതിനാൽ ഒട്ടേറെ വാഹനങ്ങളാണ് ഈ വഴി കടന്നു പോകുന്നത്. കാലങ്ങളായി അറ്റകുറ്റപ്പണികൾ നടക്കാത്തതാണ് റോഡിന്റെ ദുരവസ്ഥയ്ക്ക് കാരണം. ബിഎംബിസി നിലവാരത്തിൽ റോഡ് പുനർനിർമിച്ചെങ്കിൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ.