കരിപ്പൂരിൽ 6 മിനിട്ടുവരെ വാഹനം നിർത്തിയിടാം; പിഴയില്ല, ആശ്വാസം

കരിപ്പൂര്‍ വിമാനത്താവള ടെര്‍മിനലിനു മുന്‍പില്‍ മൂന്നു മിനിട്ടില്‍ കൂടുതല്‍ വാഹനം നിര്‍ത്തിയാല്‍ 500 രൂപ പിഴ ഈടാക്കാനുളള തീരുമാനത്തില്‍ തിരുത്ത്. യാത്രക്കാരെ കയറ്റാനും ഇറക്കാനും ആറു മിനിട്ട് വരെ വാഹനം നിര്‍ത്താന്‍ അനുമതിയായി.  

രാജ്യത്തെ എയര്‍പോര്‍ട്ട്  അതോറിറ്റിയുടെ കീഴിലെഎല്ലാ വിമാനത്താവളങ്ങളിലും നടപ്പാക്കിയ തീരുമാനത്തിനെതിരെ കരിപ്പൂരില്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് തിരുത്തല്‍ വരുത്തിയത്. യാത്രക്കാരെ ഇറക്കാനോ കയറ്റാനോ വരുന്ന വാഹനങ്ങള്‍ മൂന്നു മിനിട്ടിനകം മാറ്റണമെന്ന നിബന്ധനയിലാണ് ഇളവു വരുത്തി സമയപരിധി ആറു മിനിട്ടാക്കി വര്‍ധിപ്പിച്ചത്. വാഹനയങ്ങള്‍ക്ക് ടെര്‍മിനലിനു മുന്‍പില്‍ പത്തു മിനിട്ടെങ്കിലും സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായ എം.പി. അബ്ദു സമദ് സമദാനിയും വ്യോമയാന മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ടെര്‍മിനലിനു മുന്‍പില്‍ മൂന്നു മിനിട്ടില്‍ കൂടുതല്‍ നിര്‍ത്തുന്ന വാഹനങ്ങളില്‍ നിന്ന് 500 രൂപ പിഴ ഈടാക്കിയത് യാത്രക്കാരെ വലച്ചിരുന്നു. മുന്‍ കാലങ്ങളില്‍ 15 മിനിട്ടിനകം വിമാനത്താവളത്തിന് പുറത്ത് വാഹനങ്ങള്‍ ഇറങ്ങിയില്ലെങ്കില്‍ പാര്‍ക്കിങ് ഫീസായി 85 രൂപ ഈടാക്കുകയായിരുന്നു രീതി. ഇപ്പോള്‍ പാര്‍ക്കിങ് ഭാഗത്ത് നിര്‍ത്തിയാല്‍ അര മണിക്കൂര്‍ വരെ 20 രൂപയും 2 മണിക്കൂര്‍ വരെ 55 രൂപയും മാത്രമേ  ഈടാക്കുന്നുളളുവെന്ന ആശ്വാസവുമുണ്ട്.