കാട് കേറി നശിച്ച് നാല് കോടി; ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി പാർക്ക്

നവീകരണത്തിനായി ടൂറിസം വകുപ്പ് നാല് കോടി ചെലവിട്ട കൊച്ചിയിെല കുട്ടികള്‍ക്കായുള്ള ദേശീയ റിന്യൂവബിള്‍ എനര്‍ജി പാര്‍ക്ക് കാട് കയറി നശിക്കുന്നു. ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാ ശിശുക്ഷേമ സമിതിയുടെ ചുമതലയിലുള്ള പാര്‍ക്ക് ഇപ്പോള്‍ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ്. പാര്‍ക്കിന്റെ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് കൊച്ചിയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍. 

കുട്ടികള്‍ക്കായുള്ള സംസ്ഥാനത്തെ തന്നെ ഏക ദേശീയ റിന്യൂവബിള്‍ എനര്‍ജി പാര്‍ക്കിന്റെ ഇന്നത്തെ അവസ്ഥ ഇതാണ്. ചില്‍ഡ്രന്‍സ് പാര്‍ക്കിന് പിറക് വശത്തായി മറൈന്‍ ഡ്രൈവ് വാക്്വേയോട് ചേര്‍ന്നുള്ള പാര്‍ക്കും പരിസരവും കാട് മൂടി കിടക്കുന്നു. 2018ലാണ് പാര്‍ക്കിന്റെ നവീകരണം ആരംഭിച്ചത്. ഇതിനായി ടൂറിസം വകുപ്പ് ചെലവിട്ടതാകട്ടെ നാല് കോടി രൂപയും. നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച അത്യാധുനിക അഡ്വഞ്ചര്‍ റൈഡുകളടക്കം നാശോന്മുഖമായി കഴിഞ്ഞു. ജില്ലാ കലക്ടര്‍ അധ്യക്ഷനായ ശിശുക്ഷേമസമിതിക്കാണ് പാര്‍ക്കിന്റെ സംരക്ഷണചുമതല. നവീകരണം പൂര്‍ത്തിയാക്കിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് കഴിഞ്ഞ ദിവസം തുറന്ന് കൊടുത്തുവെങ്കിലും റിന്യൂവബിള്‍ എനര്‍ജി പാര്‍ക്കിന് മാത്രം ശാപമോക്ഷമായില്ല. 

പൊതുമേഖലാ സ്ഥാപനമായ കെല്‍ ആണ് നവീകരണ പദ്ധതി തയാറാക്കിയത്. 2018 ല്‍ ആരംഭിച്ച നവകീരണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുയായിരുന്നു ലക്ഷ്യം. പാര്‍ക്ക് നവീകരണത്തിന് പിന്നിലെ അഴിമതി അന്വേഷിക്കണമെന്ന ആവശ്യവുമായി സ്ഥലം എംഎല്‍എ ടി.ജെ വിനോദും രംഗത്തെത്തിയിട്ടുണ്ട്. 1964ലാണ് കൊച്ചിയില്‍ റിന്യൂവബിള്‍ എനര്‍ജി പാര്‍ക്ക് സ്ഥാപിച്ചത്. പാര്‍ക്കിനെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മൂന്ന് വര്‍ഷം മുന്‍പ് ആരംഭിച്ച നവീകരണമാണ് ഇന്നിങ്ങനെ കാട് മൂടി കിടക്കുന്നത്.