കോളജുകൾ തുറന്നു; ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം

സംസ്ഥാനത്തെ കോളജുകള്‍ പൂര്‍ണമായും തുറന്നു. ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്യാംപസുകള്‍ ഇത്രയും സജീവമാകുന്നത്. ഒന്നും രണ്ടും വര്‍ഷ ഡിഗ്രി ക്ലാസുകളും ഒന്നാം വര്‍‌ഷ പി ജി ക്ലാസുകളുമാണ് തുടങ്ങിയത്. അവസാനവര്‍ഷ ഡിഗ്രി, പിജി ക്ലാസുകള്‍ ഈ മാസമാദ്യം തുടങ്ങിയിരുന്നു.  

ചിലരുടെ മുഖത്ത് ആദ്യമായി കോളജിലെത്തിയതിന്റ ഉത്കണ്ഠയും ആകാംഷയും. മറ്റ് ചിലരുടെ മുഖത്ത് കൂട്ടുകാരെ തിരിച്ചുകിട്ടിയതിന്റ  സന്തോഷം. എല്ലാം കൊണ്ടും ക്യാംപസുകള്‍ കളിയും ചിരിയുമൊക്കെയായി വീണ്ടും ഉണര്‍ന്നു. 

പ്ലസ് ടു പഠനം പൂര്‍ണമായും ഓണ്‍ലൈനിലായിരുന്ന ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കാണ് കോളജിലെത്തിയതില്‍ കൂടുതല്‍ സന്തോഷം.കഴിഞ്ഞ 18ന് ക്ലാസ് തുടങ്ങാനാണ് തീരുമാനിച്ചതെങ്കിലും മഴക്കെടുതി കാരണം ഒരാഴ്ച നീട്ടുകയായിരുന്നു. ക്യാംപസുകള്‍ സജീവമായപ്പോഴേക്കും അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ പരീക്ഷയുടെ തിരിക്കിലേക്ക് അമര്‍ന്നു. പ്രവേശന നടപടികള്‍ പൂര്‍ത്തിയാകാത്തത് കാരണം ഒന്നാം വര്‍ഷ പി ജി ക്ലാസുകള്‍ ചിലയിടങ്ങളില്‍ തുടങ്ങിയിട്ടില്ല.

18 വയസ് കഴിഞ്ഞവര്‍ ഒരു ഡോസ് വാക്സീനെങ്കിലും എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയശേഷമാണ് കുട്ടികളെ ക്യാംപസിനുള്ളില്‍ പ്രവേശിപ്പിച്ചത്.