കുട്ടിയെ കിട്ടാൻ കടമ്പകളേറെ; കോടതി വിധി നിർണായകമാവും

ദത്ത് നല്‍കിയ  കുട്ടിയുടെ  അവകാശവാദവുമായി അമ്മ എത്തിയ വിവരം ശിശുക്ഷേമ സമിതി കോടതിയെ അറിയിച്ചെങ്കിലും കുട്ടിയെ കിട്ടാന്‍ കടമ്പകളേറെ. ദത്ത് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ നാളത്തെ കോടതിവിധി നിര്‍ണായകം. വിധി അനുപമയ്ക്ക് അനുകൂലമായാലും ദത്തെടുത്ത ദമ്പതികൾക്കോ, സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിക്കോ മേല്‍കോടതിയെ സമീപിക്കാം. 

ഓഗസ്റ്റ് ഏഴിനാണു അനുപമയുടെ കുഞ്ഞിനെ താൽകാലികമായി ആന്ധ്രസ്വദേശികളായ ദമ്പതികൾക്കു ദത്തു നൽകിയത്. ശിശുക്ഷേമസമിതി ഉൾപ്പെടെ കേസിലെ കക്ഷികളെല്ലാം ദത്തെടുക്കലിന് അനുകൂലമായി തിരുവനന്തപുരം കുടുംബ കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു.  തെളിവെടുക്കൽ പൂര്‍ണമായും അവസാനിപ്പിച്ചശേഷമാണ് വിധിക്കായി കേസ് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റിയിരിക്കുന്നത്. 

എന്നാൽ രക്തബന്ധമുളളവര്‍ അവകാശവാദമുന്നയിച്ച സാഹചര്യം ബോധ്യപ്പെടുത്തുകയും,  ദത്തു നൽകിയ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്നു സർക്കാർ തന്നെ കോടതിയെ അറിയിക്കുകയും ചെയ്താൽ സ്വാഭാവികമായും കോടതി അനുകൂല നിലപാടെടുക്കും. എന്നാൽ ദത്തെടുത്ത ദമ്പതികളോ സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയോ എതിർപ്പ് ഉന്നയിച്ചാല്‍ വലിയ കോടതി വ്യവഹാരങ്ങളിലേക്ക് ഇക്കാര്യം പോയേക്കാം.  നിയമപരമായി ഇതെല്ലാം മറികടന്ന ശേഷം മാത്രമേ അനുപമയ്ക്കു കുഞ്ഞിനെ തിരികെ ലഭിക്കുകയുള്ളൂ. ഡിഎൻഎ പരിശോധനയും വേണ്ടിവരും. 

കേന്ദ്ര വനിതാ–ശിശുവികസന മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയാണ് ഇന്ത്യയിലെ ദത്തുനൽകൽ നോഡൽ ഏജൻസി. ശിശുക്ഷേമസമിതി ലഭ്യമാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയതു സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയുടെ മേൽനോട്ടത്തിലാണ്.