പി.സി സോമശേഖരൻ സി.പി.എം നെടുമ്പാശേരി ലോക്കൽ സെക്രട്ടറി; തിരഞ്ഞെടുപ്പ് നറുക്കെടുപ്പിലൂടെ

സെക്രട്ടറി സ്ഥാനത്തേയ്ക്ക് മല്‍സരം വന്നതിനെ തുടര്‍ന്ന് രണ്ടുവട്ടം മാറ്റിവച്ച സി.പി.എം നെടുമ്പാശേരി ലോക്കല്‍ സമ്മേളനം, മൂന്നാം തവണ പൂര്‍ത്തിയാക്കിയത് മല്‍സരത്തിലൂടെ തന്നെ. വിഭാഗീയത മറനീക്കി പുറത്തുവന്ന ലോക്കല്‍ സമ്മേളനത്തില്‍ പി.സി സോമശേഖരനെ നറുക്കെടുപ്പിലൂടെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. സമ്മേളനങ്ങളില്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് സംസ്ഥാന കമ്മറ്റിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കേയാണ്, നെടുമ്പാശേരി ഏരിയ കമ്മറ്റിയിലെ ഒന്നൊഴികെ മറ്റെല്ലാ ലോക്കല്‍ സമ്മേളനങ്ങളിലും തര്‍ക്കവും തിരഞ്ഞെടുപ്പും ഉണ്ടായത്.

സംസ്ഥാന കമ്മറ്റി അംഗം ഗോപി കോട്ടമുറിയ്ക്കല്‍ പങ്കെടുത്ത നെടുമ്പാശേരി ലോക്കല്‍ സമ്മേളനത്തിലാണ് തര്‍ക്കത്തിനൊടുവില്‍ നറുക്കെടുപ്പിലൂടെ ലോക്കല്‍ സെക്രട്ടറിയെ നിശ്ചയിക്കേണ്ടിവന്നത്. സി.എ ശിവന്‍, പി. സി സോമശേഖരന്‍ എന്നിവരാണ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് മല്‍സരിക്കാന്‍ തയാറായത്. സെക്രട്ടറി സ്ഥാനത്തേയ്ക്ക് മല്‍സരിക്കാന്‍ തയാറായ കരിയാട് ബ്രാഞ്ച് സെക്രട്ടറി എസ്. സതീഷിനെ ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. സി.എ ശിവന്‍, പി. സി സോമശേഖരന്‍ എന്നിവരോട് ജില്ലാ കമ്മറ്റി അംഗങ്ങള്‍ മല്‍സരം ഒഴിവാക്കാന്‍ ചര്‍ച്ചചെയ്തെങ്കിലും ഇരുവരും പിന്‍മാറാന്‍ തയാറായില്ല. ഒടുവില്‍ മല്‍സരം വന്നതിനെ തുടര്‍ന്ന് രണ്ടുവട്ടം മാറ്റിവച്ച ലോക്കല്‍ സമ്മേളനം മല്‍സരത്തിലൂടെ തന്നെ മൂന്നാം തവണ പൂര്‍ത്തിയാക്കി. നെടുമ്പാശേരി ഏരിയകമ്മറ്റിക്കു കീഴില്‍ ചെങ്ങമനാട്, കുന്നുകര, പാറക്കടവ്– പുളിയനം, തുടങ്ങിയ ലോക്കല്‍ സമ്മേളനങ്ങളിലൊക്കെ തര്‍ക്കങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് തിര‍ഞ്ഞെടുപ്പ് അനിവാര്യമായി വന്നിരുന്നു. പുത്തന്‍വേലിക്കരയില്‍ മാത്രമാണ് തിരഞ്ഞെടുപ്പ് നടക്കാതിരുന്നത്. നെടുമ്പാശേരി ഏരിയസമ്മേളനം പൂര്‍ത്തിയാകുന്നതോടെ നെടുമ്പാശേരി ഏരിയ കമ്മറ്റി ഇല്ലാതാകും.