5.3 ലക്ഷം 'വെള്ളത്തിൽ'; ജീവൻകൊണ്ട് കളിച്ചു; ഡ്രൈവർക്കെതിരെ ജാമ്യമില്ലാ കേസ്

ഒരാൾപ്പൊക്കം വെള്ളത്തിലൂടെ ബസ് ഓടിച്ച് വിവാദത്തിലായ ഡ്രൈവർക്ക് എതിരെ കേസ്. പൂഞ്ഞാറിൽ വെള്ളക്കെട്ടിലേക്ക് കെഎസ്ആർടിസി ബസ് ഓടിച്ചിറക്കിയ ഡ്രൈവർ എസ്. ജയ്ദീപിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.. കെഎസ്ആർടിസി ഒ.ടി.ഒയുടെ പരാതിയിലാണ്  പൊതു മുതൽ നശിപ്പിച്ചക്കൽ തടയൽ നിയമത്തിലെ വകുപ്പുകൾ ചുമത്തി ഈരാട്ടുപേട്ട പൊലീസ് കേസെടുത്തത്.

 5,30,000 രൂപയുടെ നഷ്ടമുണ്ടായെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. ജയ്ദീപിനെ സർവീസിൽ നിന്ന് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു.

മഴ ശക്തമായ കഴിഞ്ഞ ശനിയാഴ്ച പൂഞ്ഞാർ പള്ളിക്കു മുന്നിൽ ഉണ്ടായ വെള്ളക്കെട്ടിലേക്ക് ഇറക്കിയ ബസ് നിന്നു പോവുകയായിരുന്നു. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാ സേനയും പള്ളിയുടെ ഗ്രൗണ്ടിലേക്ക് കയർ കെട്ടി ബസ് വലിച്ചു കയറ്റിയാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.  അതിനിടെ, തനിക്കെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥരെ അവഹേളിച്ചു കൊണ്ട് ജയദീപ്‌ സമൂഹമാധ്യമത്തിലിട്ട പോസ്റ്റുകൾ വലിയ തോതിൽ പ്രചരിച്ചിരുന്നു.