പ്രളയത്തിൽ വീട് തകർന്നു; 3 വർഷമായി വെള്ളക്കെട്ടിൽ ജീവിതം; ദുരിതംപേറി കുടുംബം

അവകാശവാദങ്ങള്‍ ഒരുപാട് ഉന്നയിക്കുമ്പോഴും ഇങ്ങനെയും ചില ജീവിതങ്ങളുണ്ട് നമുക്കിടയില്‍. എറണാകുളം ഉദയംപേരൂരിലെ ഏഴംഗ കുടുംബത്തിന്റെ ജീവിതം അതിലൊന്നാണ്. പ്രളയത്തില്‍ വീട് തകര്‍ന്ന കുടുംബം മൂന്നുവര്‍ഷമായി കഴിയുന്നത് വെള്ളക്കെട്ടിന് നടുവില്‍. സുരക്ഷിതമായ ഒരു വീടിനുവേണ്ടി അവര്‍ കയറിയിറങ്ങാത്ത സ്ഥലങ്ങളില്ല.

ചില്ലുപാത്രത്തിലെ വെള്ളവും അതിലെ മീനും കൗതുകമാണ്. പാത്രത്തിലെടുത്ത തെളിനീര് കുടിവെള്ളവും. പക്ഷേ വെള്ളക്കെട്ടിന് നടുവിലെ ജീവിതം ചിന്തകള്‍ക്കും അപ്പുറമാണ്. ഉദയംപേരൂര്‍ സ്വദേശി ശിവദാസനും കുടുംബവും പ്ലാസ്റ്റിക് ഷീറ്റിട്ടുമറച്ച ഈ കുടിലിലേക്ക് മാറിയിട്ട് വര്‍ഷം മൂന്നായി. 2018 ലെ പ്രളയത്തില്‍ കുത്തിയൊലിച്ചെത്തിയ വെള്ളം വീടിന്റെ അടിത്തറയിളക്കി. ദുരിതാശ്വാസ ക്യാംപില്‍നിന്ന് തിരിച്ചെത്തിയപ്പോഴേക്കും പകുതി തകര്‍ന്നുവീണിരുന്നു. പൊളിഞ്ഞു വീണ വീടിന്റെ തറയില്‍നിന്ന് മാറ്റി പുരയിടത്തിന്റെ ഒരു വശത്ത് ഷെഡ് കെട്ടി. പ്രായമായ അമ്മയും, രണ്ടുകൊച്ചുകുട്ടികളുമടക്കം ഏഴുപേര്‍. അതില്‍ രണ്ടുപേര്‍ക്ക് വൃക്കരോഗവും. ആദ്യം കിട്ടിയ പതിനായിരത്തിനപ്പുറം ഒന്നും കിട്ടാതെ വന്നപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

ഇരുപതുലക്ഷം നഷ്ടമെന്ന് വില്ലേജ് ഓഫിസറുടെ കുറിപ്പടിയുണ്ട് മല്‍സ്യത്തൊഴിലാളിയായ ശിവദാസന്റെ കൈയ്യില്‍. കുടിശിക അടച്ചില്ലെങ്കില്‍ വൈദ്യുതി വിഛേദിക്കുമെന്ന കെ.എസ്.ഇ.ബിയുടെ നോട്ടീസും. സമീപത്തെ തോട് നികത്തിയതും, അയല്‍വാസി നീരൊഴുകാത്തവിധം അതിര് കെട്ടിയടച്ചതും വെള്ളക്കെട്ടിന് കാരണമാകുന്നുവെന്ന് പഞ്ചായത്തും പറയുന്നു.