17 ചരിത്ര സ്മാരകങ്ങളുടെ ചെറുരൂപങ്ങള്‍‍; വിസ്മയമായി ഭാരത് ദര്‍ശന്‍ പാര്‍ക്ക്

പ്രൗഢമായ ചരിത്രസ്മാരകങ്ങളും, പുരാതന ക്ഷേത്രങ്ങളും കൊണ്ട് സമ്പന്നമാണ് നമ്മുടെ രാജ്യം. ഈ സ്മാരകങ്ങളുടെ മാതൃകകള്‍ ഒരു കുടക്കീഴില്‍ അണിനിരത്തി ശ്രദ്ധേയമാവുകയാണ് ഡല്‍ഹിയിലെ ഭാരത് ദര്‍ശന്‍ പാര്‍ക്ക് 

കുത്തബ് മിനാര്‍, മൈസൂര്‍ കൊട്ടാരം, കൊണാര്‍ക്ക് ക്ഷേത്രം,  ചാര്‍മിനാര്‍ ,താജ്മഹല്‍, മധുര മീനാക്ഷി ക്ഷേത്രം, വിക്ടോറിയ മെമ്മോറിയല്‍,  ഖജുരാഹോ ക്ഷേത്രം..ഇന്ത്യയുടെ പൈതൃകങ്ങള്‍ ഇവിടെ തലയുയര്‍ത്തി നില്‍ക്കുകയാണ്.  രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ചിതറക്കിടക്കുന്ന 17 ചരിത്ര സ്മാരകങ്ങളുടെ ചെറുരൂപങ്ങള്‍.

വര്‍ഷങ്ങളുടെ അധ്വാനത്തില്‍ കെട്ടിപ്പൊക്കിയ യഥാര്‍ഥ സ്മാരകങ്ങളോട് തീര്‍ത്തും നീതി പുലര്‍ത്തുന്നുണ്ട് ഇവയും. ഉപയോഗശൂന്യമായ വസ്തുക്കൾകൊണ്ടാണ് നിര്‍മ്മാണം. വാഹനങ്ങളുടെ യന്ത്ര ഭാഗങ്ങള്‍ മുതല്‍ ബിയര്‍ കുപ്പികള്‍ വരെ ഉപയോഗിച്ച്, പരമാവധി സൂക്ഷ്മത പുലര്‍ത്തി

മാതൃകകള്‍ ഉയരുന്നത് നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ ആശയം അടിസ്ഥാനമാക്കി. ഒാരോ കാലഘട്ടത്തിന്‍റെയും അടയാളപ്പെടുത്തലുകള്‍ ഇവിടെയെത്തിയാല്‍ മനസിലാകും. മാത്രമല്ല ബോധ്യമാകുന്നത് യഥാര്‍ഥ സൃഷ്ടികള്‍ യാഥാര്‍ഥ്യമായതിന്‍റെ ബുദ്ധിമുട്ടുകള്‍

എട്ടരയേക്കറില്‍ 14 കോടി ചെലവിലാണ്  നിര്‍മ്മാണം. രാത്രിയില്‍ വര്‍ണ വെളിച്ചത്താല്‍ മനോഹരമാകും സ്മാരകങ്ങള്‍. സരയ് കാലേ ഖാനിലെ വേസ്റ്റ് വണ്ടര്‍ പാര്‍ക്കില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. അന്തിമ മിനുക്കുപണികൾ പൂർത്തിയാക്കി ഈ മാസം അവസാനത്തോടെ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാനാണ് ആലോചന