പ്രണയത്തിന്റെ ഒറ്റമുറി സാക്ഷ്യം; സജിതയും റഹ്മാനും ഇനി ഔദ്യോഗിക ദമ്പതികൾ

പാലക്കാട് നെന്മാറയിൽ പത്ത് വർഷത്തിലധികം ഒറ്റമുറിക്കുള്ളിൽ കഴിഞ്ഞിരുന്ന സജിതയും കൂടെയുണ്ടായിരുന്ന റഹ്മാനും ഇനി ഔദ്യോഗിക ദമ്പതികൾ. സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം ഇരുവരും നെന്മാറ സബ് റജിസ്ട്രാർ ഓഫിസിൽ വിവാഹിതരായി. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം ഒഴിവാക്കി ജീവിക്കാൻ അനുവദിക്കണമെന്നാണ് ഇരുവരുടെയും ആവശ്യം. 

ഇപ്പോഴും പലരും അവിശ്വസനീയമെന്ന് കരുതുന്ന റഹ്മാൻ സജിത പ്രണയത്തിന്റെ ഒറ്റമുറി സാക്ഷ്യത്തിന് അങ്ങനെ ശുഭപര്യവസാനം. വീട്ടുകാരുടെ എതിർപ്പ് ഭയന്ന് ഒറ്റമുറിക്കുള്ളിൽ കഴിഞ്ഞിരുന്നവർ ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകളില്ലാതെയാണ് രേഖകളിൽ ഒപ്പുചേർത്തത്. പൊലീസ് അന്വേഷണം ഒഴിവാക്കി ജീവിക്കാൻ അനുവദിക്കണമെന്ന് നവദമ്പതികൾ.

നെന്മാറ സബ് രജിസ്ട്രാർ ഓഫിസിൽ നടന്ന ചടങ്ങിൽ കെ.ബാബു എം.എൽ.എയും സജിതയുടെ ബന്ധുക്കളും  പങ്കെടുത്തു.

റഹ്മാനൊപ്പം കഴിയാനാണ് 2010 ൽ സജിത വീടുവിട്ടിറങ്ങിയത്. റഹ്മാൻ തന്റെ വീട്ടിലെ ചെറിയ മുറിയിൽ വീട്ടുകാർ പോലുമറിയാതെ സജിതയെ താമസിപ്പിച്ചു. കഴിഞ്ഞ മാർച്ചിൽ ഇരുവരും ആരുമറിയാതെ വിത്തനശ്ശേരിയിൽ വാടക വീട്ടിലേക്കു മാറി. ഇതിനിടെ റഹ്‌മാനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പിന്നാലെയാണ് ഒറ്റമുറി ജീവിതകഥ പുറം ലോകമറിഞ്ഞത്.