കാർഡിന് അപേക്ഷിച്ചത് ഭർത്താവ് രോഗിയായപ്പോൾ; രണ്ടാം ചരമവാർഷികത്തിനും കിട്ടിയില്ല

ഭര്‍ത്താവ് രോഗിയായിരുന്നപ്പോള്‍ അപേക്ഷിച്ച റേഷന്‍കാര്‍ഡ് മാറ്റം ഭര്‍ത്താവിന്‍റെ രണ്ടാം ചരമവാര്‍ഷികമായിട്ടും കിട്ടിയില്ലെന്ന് വീട്ടമ്മ. കലക്ടറുടെ ഉത്തരവുണ്ടായിട്ടും പരിഗണിച്ചില്ലെന്ന് ചെങ്ങന്നൂര്‍ ചെറിയനാട് സ്വദേശിയായ ബിന്ദു പറയുന്നു.

വാടകവീട്ടിലായിരുന്നു ബിന്ദുവിന്‍റേയും ഭര്‍ത്താവ് വിജയകുമാറിന്‍റെയും താമസം. കയ്യിലുണ്ടായിരുന്നത് ഉയര്‍ന്ന വിഭാഗത്തില്‍പ്പെ വെള്ള റേഷന്‍കാര്‍ഡ്. മൂന്ന് വര്‍ഷം മുന്‍പ് ഭര്‍ത്താവിന് കാന്‍സര്‍ ബാധിച്ചതോടെയാണ് ചികില്‍സാ സഹായത്തിനായി ബിപിഎല്‍ കാര്‍ഡിന് അപേക്ഷിച്ചത്. പല വട്ടം അപേക്ഷയുമായി ചെങ്ങന്നൂര്‍ താലൂക്ക് സപ്ലൈഓഫിസില്‍ കയറിയിറങ്ങി. 2019 മെയ് മാസം കാര്‍ഡ് മാറ്റിക്കൊടുക്കാന്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

ഭര്‍ത്താവിന്‍റെ രണ്ടാം ചരമവാര്‍ഷികമായിട്ടും കാര്‍ഡ് മാറിക്കിട്ടിയിട്ടില്ല. അടുത്തിലെ ഒരു സന്നദ്ധ സംഘടന ബിന്ദുവിനും മക്കള്‍ക്കും വീട് വച്ചുനല്‍കി. തൊഴിലുറപ്പ് ജോലിക്കുപോയാണ് ജീവിതം. പൊതുവിഭാഗത്തിലെ റേഷന്‍കാര്‍ഡ് കാരണം മക്കളുടെ വിദ്യാഭ്യാസത്തിനുള്ള സഹായങ്ങള്‍ക്കടക്കം തടസമാണെന്ന് ബിന്ദു പറയുന്നു.

MORE IN KERALA