കുട്ടികളുടെ ഇന്റര്‍നെറ്റ് റേഡിയോ വൻഹിറ്റ്; ലക്ഷക്കണക്കിന് ശ്രോതാക്കൾ

ലോക്ഡൗണ്‍കാലത്തെ വിരസതമാറ്റാന്‍ കുട്ടികള്‍ചേര്‍ന്ന് തുടങ്ങിയ ഇന്റര്‍നെറ്റ് റേഡിയോ വന്‍വിജയത്തിലേക്ക്. ഒരുവര്‍ഷത്തിനകം ലക്ഷക്കണക്കിന് ശ്രോതാക്കളെ സമ്പാദിച്ച ‘വണ്‍പോയിന്റ് വണ്‍ഫോര്‍ സാഹിതി വാണി’ എന്ന ഇന്റര്‍നെറ്റ് റേഡിയോ ഇന്‍ക്രഡിബിള്‍ ബുക്ക് ഒഫ് റെക്കോഡ്സില്‍ ഇടം നേടി. കുട്ടികളുടെ പൂര്‍ണനിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ഇന്റര്‍നെറ്റ് റേഡിയോയാണ് ഇത്.

ചീഫ് പ്രോഗ്രാം ഡയറക്ടര്‍ ആലോക് പി. പ്രപഞ്ച്, സ്റ്റേഷന്‍ ഡയറക്ടര്‍ ആലു കൃഷ്ണ, ചീഫ് ആര്‍.ജെ. വിജിത സാം കുരാക്കാര്‍ എന്നിവര്‍ അടുത്ത പ്രക്ഷേപണത്തിലുള്ള ഒരുക്കത്തിലാണ്.വണ്‍പോയിന്റ് വണ്‍ഫോര്‍ സാഹിതി വാണി എന്ന ഇന്റര്‍നെറ്റ് റേഡിയോയ്ക്ക്  ഇന്ന് ലോകമെമ്പാടും ശ്രോതാക്കളുണ്ട്. എല്ലാ ഞായറാഴ്ചയുമാണ് പ്രക്ഷേപണം. പല വിഭാഗങ്ങളിലായി രണ്ടുമുതല്‍ രണ്ടരമണിക്കൂര്‍വരെയാണ് പരിപാടി. 

1.14 എന്നത് റേഡിയോയുടെ ഫ്രീക്വന്‍സിയൊന്നുമല്ല. വാഹനങ്ങളുടെ റജസ്ട്രേഷ്ന്‍ നമ്പര്‍പോലെ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളെസൂചിപ്പിക്കുകയാണ്. സാഹിത്യം മുതല്‍ പാചകം വരെ എല്ലാ ഇവിടെ വിഷയമാകുന്നു. അതോടൊപ്പം കുട്ടികള്‍ക്ക് അറിവ് പകരുന്ന ചെറുസംഭാഷണങ്ങളും. കഴിഞ്ഞവര്‍ഷം നവംബര്‍ ഇരുപതിന് വിശ്രുത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത സാഹതി വാണി ഇന്‍ക്രഡിബിള്‍ ബുക്ക് ഒഫ് റെക്കോഡ്സിലും ഇടംനേടി. www,sahithy.in എന്ന വെബ്സൈറ്റുവഴിയാണ് റേഡിയോ ലഭ്യമാകുന്നത്. നാല്‍പ്പത്തിരണ്ട് ഭാഗങ്ങള്‍ ഇതിനോടകം ഇറങ്ങിക്കഴിഞ്ഞു. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉടന്‍ പുറത്തിറക്കും

പട്ടം സെന്റ്മേരീസ് സ്കൂള്‍ അധ്യാപകന്‍ ബിന്നി സാഹിതിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം. പ്രമുഖ നോവലിസ്റ്റ് ഡോ. ജോര്‍ജ് ഓണക്കൂര്‍ , സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്  ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ എന്നിവരടങ്ങുന്ന ഉപദേശക സമിതിയും പിന്നിലുണ്ട്