സാധനങ്ങൾ വാങ്ങാൻ ഇനി കടയിൽ പോകണ്ട; ഇതാ വിരൽത്തുമ്പിൽ 'വി ഭവൻ'

ഓണ്‍ലൈന്‍ വിപണി കീഴടക്കാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയും. സംസ്ഥാനത്തെ ലക്ഷകണക്കിന് കച്ചവടസ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തി വി ഭവന്‍ എന്ന പേരില്‍ ആപ്പ് പുറത്തിറക്കും. സെപ്റ്റംബര്‍ 15 മുതല്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യം ഉപയോഗിക്കാനാകും. 

സംസ്ഥാനത്തെ പത്ത് ലക്ഷം കച്ചവടക്കാരുടെ വലിയൊരുശതമാനം കച്ചവടവും ഒണ്‍ലൈന്‍ ഭീമന്മര്‍ പിടിച്ചടക്കുന്നുവെന്ന തിരിച്ചറിവിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയും ഓണ്‍ലൈന്‍ വിപണിയിലേയ്ക്കിറങ്ങുന്നത്. വി ഭവന്‍ എന്ന ആപ്പിലൂടെ വാങ്ങുന്ന സാധനങ്ങള്‍ അതാത് ദിവസം തന്നെ ഡെലിവറി നടത്താനാകും ശ്രമം. ആദ്യഘട്ടത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി പരമാവധി ഓഫറുകള്‍ നല്‍കും. 

ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന ആയിരത്തിയൊന്ന് കച്ചവടക്കാര്‍ക്ക് ആദ്യമാസം സൗജന്യവും തുടര്‍ന്നുള്ള മാസങ്ങളില്‍ 125 രൂപയുമാണ് റജിസ്ട്രേഷന്‍ ഫീസ്. ആപ്പ് നിലവില്‍ വന്നാല്‍ കോവിഡ് പോലുള്ള പ്രതിസന്ധികളെ കച്ചവടക്കാര്‍ക്ക് ഒരു പരിധി വരെ തരണം ചെയ്യാനാകുമെന്നാണ് കണക്കുകൂട്ടല്‍. വി ഭവന്‍ ആപ്പില്‍ തൊഴില്‍ രഹിതര്‍ക്കും പേര് റജിസ്റ്റര്‍ ചെയ്യാം. കച്ചവട സ്ഥാപനങ്ങള്‍ ആപ്പ് വഴിയാകും ഇനി റിക്രൂട്ട്്മെന്‍റ് നടത്തുക. ആപ്പിന്‍റെ ലോഗോയും ഔദ്യോഗികമായി പുറത്തിറക്കി.