ബെവ്ക്യു ആപ് വഴി രണ്ടേകാല്‍ ലക്ഷം പേര്‍ മദ്യം വാങ്ങി; പ്രശ്നങ്ങള്‍ പരിഹരിക്കും

ബെവ്ക്യു ആപ് വഴി 2,25,000 പേര്‍ ടോക്കണ്‍ സേവനം ഉപയോഗിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആപ്പിലെ സാങ്കേതികതടസങ്ങള്‍ പരിഹരിച്ച് വിര്‍ച്വല്‍ ക്യൂ സുഗമമാക്കും. ബെവ്ക്യു ആപ്പിന് വ്യാജന്‍ ചമച്ചതില്‍ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുക്കും. ക്വാറന്റീനില്‍ കഴിയുന്നവരെക്കുറിച്ച് വ്യാജവാര്‍ത്ത ചമയ്ക്കുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകും. 

ആശയക്കുഴപ്പങ്ങള്‍ക്കും പരാതികള്‍ക്കും മധ്യേയാണ് സംസ്ഥാനത്ത് മദ്യവില്‍പന തുടങ്ങിയത്. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മൊബൈല്‍ ആപ്ലിക്കേഷന്റെ പോരായ്മകളും അതിന് അനുസരിച്ചുള്ള സംവിധാനങ്ങളുടെ അപര്യാപ്തയും കാരണം പലേടത്തും മദ്യവില്‍പന തടസ്സപ്പെട്ടു. ചിലയിടങ്ങളില്‍ മദ്യവാങ്ങാന്‍ ആള്‍ക്കൂട്ടവും രൂപപ്പെട്ടു.

രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം മദ്യം കിട്ടിയതിന്റെ സന്തോഷം ചിലര്‍ക്ക്. ഇത് കോഴിക്കോട്ടെ കാഴ്ച.  തൃശ്ശൂരില്‍ രാവിലെ ഒന്‍പതിന് തന്നെ മദ്യവില്‍പന തുടങ്ങി. ആള്‍ക്കൂട്ടം ഒഴിവാക്കുതില്‍ ബെവ് ക്യൂ ആപ് പ്രയോജനപ്പെട്ടുവെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ബാക്കി ഇടങ്ങളില്‍ ഇതായിരുന്നില്ല സ്ഥതി.ഇന്നത്തെ ബുക്കിങ് സമയം രാവിലെ ആറു മണിയില്‍നിന്ന് ഒന്‍പതു മണിവരെ നീട്ടിയെങ്കിലും  ആപ്പ് ഹാങ്ങായതോടെ രാവിലെ ബുങ്ങിന് ശ്രമിച്ചവര്‍ക്ക് നിരാശയായിരുന്നു ഫലം. പ്ലേസ്റ്റോറില്‍ സേര്‍ച്ച് ചെയ്താല്‍ ആപ് ലഭിക്കാത്തതു മുതല്‍ ബുക്കിങ്ങിന് ഒടിപി ലഭിക്കാത്തതുവരെയുള്ള പരാതികളുയര്‍ന്നു. ബുക്ക് ചെയ്ത പലര്‍ക്കും  കിലോമീറ്ററുകള്‍ ദൂരെയുള്ള ഒൗട്ട്്ലെറ്റുകളിലാണ് ടോക്കണ്‍ ലഭിച്ചത്. തിരുനന്തപുരത്ത് ബവ്കോ ശാലകളില്‍ സമയക്രമം പാലിച്ചെങ്കിലും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റില്‍ വില്‍പന വൈകി. നീണ്ട നിരയും രൂപപ്പെട്ടു.

ബാറുകളില്‍ ഒന്‍പതു മണിക്ക് മദ്യവിതരണം തുടങ്ങാറായപ്പോഴാണ് ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടില്ലെന്ന് മനസിലാകുന്നത്. ഇതിനുള്ള പാസ്്വേഡ് മദ്യശാലകള്‍ക്ക് നല്‍കിയില്ല. ടോക്കണ്‍ നമ്പര്‍ രേഖപ്പെടുത്തി മദ്യവിതരണംതുടങ്ങേണ്ടിവന്നു. ചിലേടത്ത് അതും ഉണ്ടായില്ല. കോട്ടയത്തെ ആള്‍ക്കൂട്ടം തെളിവ്.

വളരെ വൈകി വില്‍പനതുടങ്ങിയപ്പോള്‍ ബില്ലിങിലായി പ്രശ്നം. എക്സ് സൈസ് ഉദ്യോഗസ്ഥരെത്തി കടലാസുബില്ലില്‍ മുദ്രവച്ചുനല്‍കേണ്ടിവന്നു. ചിലബാറുകളില്‍ വിലകൂടിയ ഇനം മദ്യംമാത്രമുള്ളതും പ്രശ്നമായി.ആലപ്പുഴയിലും വില്‍പന വൈകി സാമൂഹിക അകലം പാലിക്കാതെ ബാറിനു മുന്നില്‍ ജനം കൂട്ടംകൂടി.ചില മദ്യശാലകളിലും ഒരാളും വന്നില്ല ഇടുക്കി തൂക്കുപാലത്താണ് ഈ അനുഭവം. സ്മാര്‍ട്ഫോണ്‍ പോയിട്ട് സാധാരണ മൊബൈല്‍ ഫോണ്‍പോലും ഇല്ലാത്ത ചിലര്‍ കൈയില്‍ ചുരുട്ടിപ്പിടിച്ചകാശുമായി മദ്യകിട്ടാത്ത നിരാശയില്‍ മടങ്ങുന്നതും കണ്ടു.