വാക്സീൻ വിതരണം; പക്ഷാപാതിത്വം കാണിച്ചെന്ന് ആരോപണം; ശബ്ദരേഖ പുറത്ത്

വാക്സീന്‍ വിതരണത്തില്‍ കൊയിലാണ്ടി നഗരസഭാംഗം കൂട്ടുമുഖം നജീബ് പക്ഷാപാതിത്വം കാട്ടിയെന്ന് ആരോപണം. സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് വാക്സീന്‍ വിതരണത്തില്‍ കൂടുതല്‍ പരിഗണന നല്‍കിയെന്ന് പറയുന്ന നജീബിന്‍റെ ശബ്ദരേഖ പുറത്തായി. സത്യപ്രതിജ്ഞാലംഘനം കാണിച്ച കൗണ്‍സിലറുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തി. 

വാക്സീന്‍ വിതരണത്തില്‍ മെല്ലെപ്പോക്കാണെന്ന ആക്ഷേപത്തിന് മറുപടി നല്‍കുകയാണ് കൂട്ടുമുഖം നജീബ്. ഇതിനിടയിലാണ് മുസ്്ലിം ലീഗെന്ന പാര്‍ട്ടിയാണെ് വലുതെന്നും സ്വന്തം വാര്‍ഡിന് ലഭിച്ച വാക്സീന്‍ പോലും അടുത്ത വാര്‍ഡിലെ ലീഗ് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടെന്ന് നജീബ് പറയുന്നത്. ഇത് പുറത്തറിഞ്ഞാലും പ്രശ്നമില്ലെന്ന് നജീബ് വെല്ലുവിളിക്കുന്നുണ്ട്. 

സത്യപ്രതിജ്ഞാലംഘനം കാട്ടിയ നജീബിന്‍റെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തി.  എന്നാല്‍ നജീബിന്‍റെ വെളിപ്പെടുത്തലിനെക്കുറിച്ച് അറിയില്ലെന്നാണ് ലീഗ് ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം.