കൊയിലാണ്ടി ഫിഷിങ് ഹാര്‍ബര്‍ യാഥാർഥ്യമായി; 13 വർഷത്തെ കാത്തിരിപ്പിന് ഫലം

പതിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് കൊയിലാണ്ടി ഫിഷിങ് ഹാര്‍ബര്‍ യാഥാര്‍ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചൊവ്വ ഉദ്ഘാടനം ചെയ്യും. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിലുള്‍പ്പെടെ ഇപ്പോഴും പോരായ്മകളുണ്ടെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്.  

പലതവണ രൂപരേഖ മാറ്റി. നിര്‍മാണങ്ങളില്‍ ചിലത് രണ്ടാമതും പൊളിച്ചു പണിതു. 2006 ല്‍ തുടങ്ങിയ പണികള്‍ 2019 ലാണ് പൂര്‍ത്തിയായത്. മല്‍സ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമായെങ്കിലും പലതും അവശേഷിക്കുന്നുണ്ട്. ഹാര്‍ബറിന്റെ ആഴംകൂട്ടല്‍, പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് ബോട്ടുകള്‍ നിര്‍ത്തിയിടാനുള്ള സൗകര്യം. വള്ളവും വലയുമുള്‍പ്പെടെ കേടായാല്‍ നന്നാക്കുന്നതിനുള്ള സ്ഥലം. തുടങ്ങിയ സൗകര്യങ്ങള്‍ എങ്ങുമെത്തിയില്ല. അടുത്തഘട്ടമായി പൂര്‍ത്തിയാക്കാമെന്നാണ് ജനപ്രതിനിധികളുടെ വാഗ്ദാനം. 

63.99 കോടിയാണ് ചെലവായിപ്പറയുന്നത്. മാലിന്യസംസ്ക്കരണ സംവിധാനങ്ങളുടെ പോരായ്മ. കുടിവെള്ള ലഭ്യത തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയോടെയുള്ള പദ്ധതികള്‍ നടപ്പാക്കേണ്ടി വരും. ഹാര്‍ബറിനോട് ചേര്‍ന്നുള്ള തീരദേശപാതയുടെ അവസ്ഥയും ദയനീയമാണ്. പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ ഏറെയുള്ള കൊയിലാണ്ടിയില്‍ വികസനവേഗം ഇനിയും കൂടേണ്ടത് പ്രഥമ പരിഗണന അര്‍ഹിക്കുന്ന കാര്യങ്ങളെന്ന് വ്യക്തം.