കോവിഡ് ബാധിതരായ ഒരു ഗ്രാമത്തെ മുഴുവൻ അന്നമൂട്ടി വാട്സാപ്പ് കൂട്ടായ്മ; മാതൃക

കോവിഡ് ബാധിതരായ ഒരു ഗ്രാമത്തെ മുഴുവന്‍ അന്നമൂട്ടി കൊയിലാണ്ടിയിലെ മഹാത്മാഗാന്ധി സേവാഗ്രാം എന്ന വാട്സാപ്പ് കൂട്ടായ്മ. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍‍മെന്‍റ് സോണായ ചെങ്ങോട്ടുകാവ് പഞ്ചായത്തില്‍ കഴിഞ്ഞ ഒരു മാസമായി മൂന്നുനേരവും ഭക്ഷണം വച്ചുവിളമ്പുകയാണ് ഇവര്‍. 

പേരിനെന്തെങ്കിലും നല്‍കുകയല്ല. വിഭവസമൃദമാണ്. ഉച്ചഭക്ഷണത്തിന് ഇറച്ചിയോ മുട്ടയോ നിര്‍ബന്ധം. ഒപ്പം പച്ചക്കറികളും. രാവിലെ ഇഡ്ഡലി, ദോശ, പുട്ട് എന്നിങ്ങനെ. രാത്രി ചപ്പാത്തിയും ചോറും. തുടങ്ങിയതില്‍ പിന്നെ ഒരു ദിവസം പോലും നിര്‍ത്തിയിട്ടില്ല.  കോവിഡ് പ്രോട്ടോക്കാള്‍ പൂര്‍ണമായും പാലിച്ചാണ് കൂട്ടായ്മയുടെ പ്രവര്‍ത്തനം. കോവിഡ് മൂലം തൊഴിലും ഉപജീവനവും നഷ്ടമായ അനശ്വര കാറ്ററിങിന്‍റെ സേവനം സൗജന്യമായി ലഭിച്ചത് ഇവര്‍ക്ക് വലിയ അനുഗ്രഹമായി. 

കോവിഡിന്‍റെ തുടക്കത്തില്‍ ആര്‍ആര്‍ടികളായി സഹകരിച്ചിരുന്ന ഇവര്‍ രോഗബാധ കുത്തനെ ഉയര്‍ന്നതോടെയാണ് രോഗികളുടെ ഭക്ഷണത്തിന്‍റെ ഉത്തരവാദിത്തം കൂടി ഏറ്റെടുത്തത്. ഭക്ഷണവിതരണത്തിന് 25 ലധികം മുഴുവന്‍ സമയ വോളണ്ടിയര്‍മാരും രംഗത്തുണ്ട്.