പിഎസ്​സി കോച്ചിങ്ങിനായ് 'പെഗസസ്'; പുലിവാല് പിടിച്ച് യുവാക്കൾ

പെഗസസ് എന്ന ഇസ്രയേല്‍ ചാര സോഫ്റ്റ് വെയര്‍ ലോക നേതാക്കളടക്കം ഒട്ടേറെപ്പേരുടെ ഉറക്കം കെടുത്തുകയാണ്. അതുപോലെ ഉറക്കം നഷ്ടപ്പെട്ട രണ്ടുപേരുണ്ട് കോഴിക്കോട്ടെ കോയിലാണ്ടിയില്‍. പി.എസ്.സി കോച്ചിങ്ങിനായി തയാറാക്കിയ പെഗസസ് എന്ന ആപ്ലിക്കേഷനാണ് ഇവര്‍ക്ക് പൊല്ലാപ്പായത്. 

കോവിഡ് കാരണം ക്ലാസ് മുടങ്ങിയതോടെയാണ് കോച്ചിങ് സെന്റര്‍ ഉടമകളായ സനൂപും അബിനും ഉദ്യോഗാര്‍ഥികളുടെ സൗകര്യത്തിനായി സ്ഥാപനത്തിന്റ പേരില്‍ ആപ്ലിക്കേഷന്‍ തയാറാക്കിയത്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്ലേ സ്റ്റോറില്‍ കയറി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. പക്ഷെ കഴിഞ്ഞ മൂന്ന് നാല് ദിവസമായി സ്ഥിതിയാകെ മാറി 

വിളിക്കുന്നവരോട് മറുപടി പറായന്‍ ലോകത്തെ എല്ലാഭാഷയും പഠിക്കേണ്ട അവസ്ഥയിലാണ് ഇവര്‍. 2014 ല്‍ പേരിട്ട് സ്ഥാപനം തുടങ്ങുമ്പോള്‍ വേറിട്ട പേര് എന്ന നിലയിലാണ് പെഗാസസ് തിരഞ്ഞെടുത്തത്.  ഉദ്ദേശിച്ച ലക്ഷ്യത്തിലല്ലെങ്കില്‍ പോലും സ്ഥാപനത്തിന്റ പേര് പ്രസിദ്ധമായതിന്റ സന്തോഷത്തിലാണ് ഇരുവരും.