ഒാപ്പണ്‍ സര്‍വകലാശാല പ്രശ്നം കോടതിയിലേക്ക്; വിചിത്രവാദവുമായി വിദ്യാഭ്യാസവകുപ്പ്

ഒാപ്പണ്‍ സര്‍വകലാശാല പ്രശ്നം കോടതിക്കു മുന്നിലേക്ക്. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലാ നിയമം ഭേദഗതി ചെയ്താലെ സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകളില്‍ വിദൂര വിദ്യാഭ്യാസം സാധ്യമാകൂ. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ പ്രശ്നം പരിഹരിക്കാമെന്ന നിലപാടിലാണ് ഉന്നത വിദ്യാഭ്യാസവകുപ്പ്. പ്്ളസ് 2 റിസള്‍ട്ട് വന്നതോടെ വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ പ്രാധാന്യവും വര്‍ധിച്ചു. 

ലക്ഷക്കണക്കിനു വിദ്യാർഥികളുടെ തുടര്‍ വിദ്യഭ്യാസത്തെ ബാധിക്കുന്ന ഓപ്പൺ യൂണിവേഴ്സിറ്റി പ്രശ്നമാണ് കോടതി കയറുന്നത്. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലാ നിയമം ഭേദഗതി ചെയ്താലെ സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകളില്‍ വിദൂര വിദ്യാഭ്യാസത്തിന് കീഴില്‍ പ്രവേശനം സാധ്യമാകൂ. നിയമ സഭ പാസാക്കിയ ഒാപ്പണ്‍ യൂണിവേഴ്സിറ്റി നിയമ പ്രകാരം ശ്രീനാരായണ ഗുരു ഒാപ്പണ്‍യൂണിവേഴ്സിറ്റി നിലവില്‍വന്നതോടെ മറ്റ് സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ക്ക് നിയമസാധുത നഷ്ടപ്പെട്ടു. ‌

എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ സഭ പാസാക്കിയ നിയമം മറികടക്കാനാവുമെന്ന വിചിത്രവാദമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി മുന്നോട്ട് വെച്ചത്. നിയമസഭ കൂടുന്നതിന് തലേദിവസമാണ് മറ്റ് സര്‍വകലാശാലകള്‍ക്ക് വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്ന ഉത്തരവിറക്കിയത്. നിലവിലെ നിയമത്തിലെ അപാകത പ്രതിപക്ഷം നിയമസഭയില്‍ പലവട്ടം ഉയര്‍ത്തിക്കാണിച്ചപ്പോഴും സര്‍ക്കാര്‍ചെവിക്കൊള്ളാന്‍ തയ്യാറായില്ല

സംസ്ഥാനത്ത് ഒരുലക്ഷത്തിലേറപ്പേരാണ് വിദൂര വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത്. നിലവില്‍ വിദ്യാര്‍ഥികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളെ ആശ്രയിക്കേണ്ടസ്ഥിതിയാണ്.