പൊന്നോമനയെ കണ്ടു കൊതി തീരും മുൻപ് സേതു പോയി; ബൈക്ക് അഭ്യാസം തകർത്തത്...

മൂന്നുപേരുടെ മരണത്തിനിടയാക്കിയ ചങ്ങനാശേരി ബൈപ്പാസിലെ അപകടത്തിന് കാരണം ബൈക്ക് അഭ്യാസമാണെന്നതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. അപകടത്തില്‍ മരിച്ച ബൈക്ക് അഭ്യാസിയായ ശരത്തും സുഹൃത്തം അപകടത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അഭ്യാസപ്രകടനം തുടങ്ങിയിരുന്നു. ശരത്തിന്‍റെ ഹെല്‍മറ്റിലെ ക്യാമറയിലെ  ദൃശ്യങ്ങളില്‍നിന്ന് ഇതിന്‍റെ  തെളിവ് പൊലീസ് ശേഖരിച്ചു. ശരത്തിനൊപ്പം മല്‍സരയോട്ടത്തില്‍ പങ്കെടുത്ത സുഹൃത്തിനെയും തിരിച്ചറിഞ്ഞു.

പുതുപ്പള്ളി സ്വദേശി 18 വയസുള്ള ശരത്, സ്വര്‍ണപ്പണിക്കാരായ പുഴവാത് സ്വദേശി 67 വയസുള്ള മുരുകന്‍ ആചാരി, 41 വയസുള്ള സേതുനാഥ് നടേശന്‍ എന്നിവരാണ് ഇന്നലെ അപക‌ടത്തില്‍ മരിച്ചത്. ശരത് ഓടിച്ചിരുന്ന ബൈക്ക് സേതുനാഥിന്‍റെ ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്കുകളുടെ മല്‍സര ഓട്ടത്തിനിടെയാണ് അപകടമെന്നാണ് കണ്ടെത്തല്‍. അപകടത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് രക്ഷപെട്ട ബൈക്കുകാരനെ കണ്ടെത്തി. മരിച്ച ശരത്തിന്‍റെ സുഹൃത്തിന്‍റേതാണ് അപകടത്തില്‍പ്പെട്ട ബൈക്ക്. ശരത്തിന്‍റെ ഹെല്‍മറ്റിലെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.

സ്വര്‍ണപ്പണിക്കാരനായ മുരുകന്‍ ആചാരി വാടകവീട്ടിലാണ് താമസം ഭാര്യയും രണ്ട് മക്കളുമുണ്ട്. മൂന്ന് മക്കളാണ് മരിച്ച സേതുനാഥിന്. ഇളയകുട്ടിക്ക് എട്ടുമാസം മാത്രമാണ് പ്രായം. അപകടത്തിന് ഇടയാക്കിയ ബൈക്കോടിച്ച ശരത്തിന്‍റെ പിതാവ് ടിപ്പര്‍ ലോറി ഡ്രൈവറാണ്. ഒരു സഹോദരിയുണ്ട്. ബൈക്ക് അഭ്യാസക്കൂട്ടായ്മയിലെ സ്ഥിരം അംഗമാണ് ശരത്.