തിരിച്ചെടുക്കാൻ തയാർ; കാലതാമസമുണ്ടായാൽ നടപടി; കത്തയച്ച് കൊക്കോണിക്സ്

വിദ്യാശ്രീ പദ്ധതി വഴി കുട്ടികള്‍ക്ക് നല്‍കിയ ലാപ്ടോപ്പുകള്‍ ഉപഭോക്താവ് ആവശ്യപ്പെട്ടാല്‍ തിരിച്ചെടുക്കാന്‍ തയ്യാറാണെന്ന് കോക്കോണിക്സ്. ലാപ്ടോപ് മാറി നല്‍കുന്നതിന് കാലതാമസമുണ്ടായാല്‍ ആ ഉപഭോക്താവിന്‍റെ ഒരു മാസത്തെ വായ്പാ തിരിച്ചടവ് തവണ കമ്പനി അടയ്ക്കാന്‍ തയ്യാറാണ്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കോക്കോണിക്സ്, കെ.എസ്.എഫ്.ഇക്ക് അയച്ച കത്ത് മനോരമ ന്യൂസിന് ലഭിച്ചു.

വിദ്യാശ്രീ പദ്ധതി വഴി 6000 ലാപ്ടോപിനുള്ള ഓര്‍ഡറാണ് സംസ്ഥാന സര്‍ക്കാരിന് ഓഹരിപങ്കാളിത്തമുള്ള കോക്കോണിക്സിന് ലഭിച്ചത്. ഇതില്‍ 2300 ലാപ്ടോപുകള്‍ കെ.എസ്.എഫ്.ഇ വഴി വിതരണം ചെയ്തു. 15000 രൂപയാണ് വില. ഈ തുക കെ.എസ്.എഫ്.ഇ വായ്പയായി ഉപഭോക്താവിന് നല്‍കി. 500 രൂപയാണ് പ്രതിമാസ തിരിച്ചടവ്. ലാപ്ടോപ്പുകളുടെ പവര്‍സ്വിച്ചിന് തകരാറുണ്ടെന്ന് വ്യവസായമന്ത്രി പി.രാജീവ് ഇന്നലെ നിയമസഭയില്‍ സമ്മതിച്ചു. തകരാറുള്ള ലാപ്ടോപ്പുകളെല്ലാം മാറി നല്‍കാമെന്ന് പറഞ്ഞാണ് കോക്കോണിക്സ്, കെ.എസ്.എഫ്.ഇക്ക് കത്തയച്ചിരിക്കുന്നത്. കേടായ ലാപ്ടോപ്പുകള്‍ എല്ലാം മാറി നല്‍കും. കോവിഡ് സാഹചര്യം മൂലമാണ് ഇപ്പോള്‍ കാലതാമസമുണ്ടാകുന്നത്.

പരാതിപ്പെട്ടവര്‍ക്ക് 15 ദിവസത്തിനകം ലാപ്ടോപ് മാറി നല്‍കിയില്ലെങ്കില്‍ ഒരുമാസത്തെ തിരിച്ചടവ് തവണയായ 500 രൂപ അടയ്ക്കാന്‍ തയ്യാറാണെന്നും കത്തില്‍ പറയുന്നു. കോക്കോണിക്സ് വേണ്ട എന്നുള്ള ഉപഭോക്താവില്‍ നിന്ന് ലാപ്ടോപ് തിരിച്ചെടുക്കാനും തയ്യാറാണ്. ഇക്കാര്യങ്ങള്‍ എത്രയും വേഗം എല്ലാ കെ.എസ്.എഫ്.ഇ ശാഖകളെയും ഉപഭോക്താക്കളെയും അറിയിക്കണമെന്നും കത്തിലുണ്ട്. ജൂണ്‍ മുപ്പതിന് അയച്ച കത്താണെങ്കിലും ഇക്കാര്യങ്ങള്‍ കെ.എസ്.എഫ്.ഇ ഇടപാടുകാരെ അറിയിച്ചിട്ടില്ല. തവണ മുടക്കിയാല്‍ പിഴപലിശ അടയ്ക്കണമെന്ന നോട്ടീസ് വായ്പയെടുത്തവര്‍ക്ക് അയക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് വായ്പയെടുത്ത് കേടായ ലാപ്ടോപ് വാങ്ങേണ്ടി വന്നവരുടെ ആവശ്യം.