കോഴ നിയമന വിവാദം; ശബ്ദരേഖ പുറത്ത്; മുരളിക്കെതിരെ പ്രതിഷേധം ശക്തം

വാമനപുരം എംഎല്‍എ ഡികെ മുരളി, നിയമനത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പ്രതിഷേധം ശക്തമാവുന്നു. എം.എല്‍.എയ്ക്ക് പണം നല്‍കിയെന്ന് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നതോടെയാണ് ആരോപണം ഉയര്‍ന്നത്. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് കെട്ടിച്ചമച്ച ആരോപണമെന്നാണ് സി.പി.എമ്മിന്റെ മറുപടി.

നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റായി അടുത്തിടെ നിയമനം കിട്ടിയ സ്ത്രീയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖയാണിത്. താല്‍കാലിക ജീവനക്കാരിയായിരുന്ന ഇവര്‍ക്ക് ജോലി സ്ഥിരപ്പെടുത്തി കിട്ടാന്‍ പാര്‍ട്ടി ഫണ്ടെന്ന പേരില്‍ എം.എല്‍.എയ്ക്ക് പണം നല്‍കിയെന്നാണ് ശബ്ദരേഖയില്‍. ഇത് പ്രചരിച്ചതോടെയാണ് ഡി.കെ.മുരളിക്കെതിരെ ബി.ജെ.പി പ്രതിഷേധം ശക്തമാക്കിയത്.

ശബ്ദരേഖയില്‍ പറയുന്നത് തെറ്റായ കാര്യങ്ങളെന്നും കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന് തയാറാക്കിയതാണെന്നുമാണ് സി.പി.എം പറയുന്നത്. ശബ്ദരേഖയുടെ ഉടമയെന്ന് കരുതുന്ന കാഞ്ഞിരംപാറ സ്വദേശിക്ക് അടുത്തിടെ ജോലി സ്ഥിരപ്പെടുത്തി കിട്ടിയെന്നത് യാഥാര്‍ത്ഥ്യമാണ്. ഈ സ്ഥിരപ്പെടുത്തല്‍ എങ്ങിനെയെന്ന് സി.പി.എം വിശദീകരിക്കുന്നില്ല. അതേസമയം പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് അതേ സ്ത്രീതന്നെ പിന്നീട് ശബ്ദരേഖയിട്ടിട്ടുണ്ട്.