കാലം മാറി, ജോസഫിന്‍റെ വീട്ടിൽ മാറ്റമില്ലാതെ കാളവണ്ടി; 76 വർഷം നീണ്ട യാത്ര

കോവിഡിന്‍റെ ആരംഭകാലത്ത് കൈവിട്ട കാളവണ്ടി പാരമ്പര്യം തിരിച്ചു പി‌ടിച്ച് ചങ്ങനാശേരി ഇത്തിത്താനം സ്വദേശി പി.ഡി.ജോസഫ്. 76 വര്‍ഷമായി കാളവണ്ടി ഉപയോഗിക്കുന്ന കുടുംബമാണ് ജോസഫിന്‍റേത്.

കരുമാടിക്കുട്ടനിലെ കാളവണ്ടിയാണ് ഈ കാളവണ്ടി. ഇത്തിത്താനം സ്വദേശി പി.ഡി.ജോസഫിന്‍റെ ജീവിതവും ജീവിതോപാധിയുമാണിത്. 76 വര്‍ഷമായി കാളവണ്ടി ഉപയോഗിക്കുന്ന കുടുംബമെന്ന് ജോസഫ് പറയുന്നു. വണ്ടിക്കുമുണ്ട് അത്രയും കാലത്തെ പഴക്കം ചങ്ങനാശേരി ചന്തയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ഇത്തിത്താനത്ത് എത്തിച്ചിരുന്നത് കാളവണ്ടിയിലായിരുന്നു. ചങ്ങനാശേരി ചന്തയിലെ അവസാന കാളവണ്ടിയെന്ന് ജോസഫ് പറയുന്നു. കോവിഡ് എത്തും മുന്‍പ് വരെ അത് തുടര്‍ന്നു. ലോക്ക് ഡൗണായതോടെ കാളകളെ വിറ്റു. കാളവണ്ടി ഉപയോഗം അവസാനിപ്പിക്കാനുറപ്പിച്ചെങ്കിലും ഒരു വര്‍ഷം കഴിഞ്ഞതോടെ മനസുമാറി.

പിതാവിന്‍റെ വിഷമം മനസിലാക്കിയ മകനും ഒപ്പം ചേര്‍ന്നു. പൊള്ളാച്ചിയില്‍ നിന്നാണ് കാളകളെ എത്തിച്ചത്.  ഇന്ധനവില കൂടുമ്പോഴെല്ലാം വിവിധ പ്രസ്ഥാനങ്ങള്‍ കാളവണ്ടി സമരത്തിന് വിളിക്കുന്നത് ഒരു വരുമാനമാര്‍ഗമാണ്. കല്യാണം, സിനിമ ചിത്രീകരണം തുടങ്ങിയവയാണ് മറ്റ് വരുമാന മാര്‍ഗങ്ങള്‍. അതിവേഗം പായുന്ന പൊള്ളാച്ചി കുതിരകളുമായി പുതിയ കുതിപ്പിനൊരുങ്ങുകയാണ് ജോസഫ്.