സിന്ധു നിരന്തരം ഫോണിൽ വിളിച്ച് 59 ലക്ഷം തട്ടി; തിരികെ ചോദിച്ചപ്പോൾ 'ഹണി ട്രാപ്'

കോഴിക്കോട്: വ്യവസായം തുടങ്ങാനെന്ന പേരിൽ പ്രവാസി വ്യവസായിയുടെ 59 ലക്ഷം രൂപ തട്ടിയെടുക്കുകയും സ്ത്രീയ്ക്കൊപ്പം നിർത്തി ചിത്രമെടുത്തു ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ തട്ടിപ്പിന് നേതൃത്വം നൽകിയ സ്ത്രീയുൾപ്പെടെ 3 പേർ പിടിയിൽ. കണ്ണൂർ പാറോൽ സ്വദേശിയും കാരപ്പറമ്പിൽ ഫ്ലാറ്റിൽ താമസക്കാരിയുമായ ഒ. സിന്ധു (46), പെരുമണ്ണ കളത്തിങ്ങൽ കെ.ഷനൂബ് (39), ഫാറൂഖ് കോളജിനു സമീപം  അനുഗ്രഹയിൽ എം. ശരത്കുമാർ (27) എന്നിവരെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്.

ആറു പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് സ്വദേശിയായ പ്രവാസിയിൽ നിന്നാണ് നാട്ടിൽ ഹോട്ടൽ, ബ്യൂട്ടി പാർലർ വ്യവസായങ്ങൾ തുടങ്ങാനെന്ന പേരിൽ 2019 മുതൽ പല ഘട്ടങ്ങളിലായി പണം തട്ടിയെടുത്തത്. സിന്ധു നിരന്തരം ഫോണിൽ സംസാരിച്ചാണു വ്യവസായിയിൽ നിന്നു പണം വാങ്ങിയത്. എന്നാൽ രണ്ടു വർഷമായിട്ടും വ്യവസായം തുടങ്ങാത്തതിനാൽ പണം തിരികെ ചോദിച്ചു. ഇതോടെ സിന്ധു ഇദ്ദേഹത്തെ ഈ വർഷം ഫെബ്രുവരിയിൽ കാരപ്പറമ്പിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി.

ഷനൂബിന്റെ നേതൃത്വത്തിലുള്ള സംഘം വ്യവസായിയെ സിന്ധുവിന്റെ ഒപ്പം നിർത്തി ചിത്രങ്ങൾ എടുക്കുകയും മർദിക്കുകയും ചെയ്തു. കഴുത്തിലെ 5 പവന്റെ മാലയും ഊരിയെടുത്തു. ഈ ചിത്രങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് വ്യവസായി നടക്കാവ് പൊലീസിൽ പരാതി നൽകിയത്.

നേരത്തെയും ഹണി ട്രാപ് കേസുകളിൽ പ്രതികളായവരാണ് സംഭവത്തിനു പിന്നിലുമെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇൻസ്പെക്ടർ എൻ.ബിശ്വാസ്, എസ്ഐ എസ്.ബി.കൈലാസ്നാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഷനൂബ്, ശരത് എന്നിവരെ  അരയിടത്തു പാലത്തിനു സമീപത്തു വച്ചും സിന്ധുവിനെ കാരപ്പറമ്പിലെ ഫ്ലാറ്റിൽ വച്ചുമാണു പിടികൂടിയത്.