എൽഎൽബി ജയിച്ചിട്ടില്ല; കോടതിയിൽ കേസ് വാദിച്ചു; സെസി മുങ്ങി; ഫോൺ സ്വിച്ച് ഓഫ്

ആലപ്പുഴ: എൽഎൽബി ജയിക്കാതെ വ്യാജ വിവരങ്ങൾ നൽകി അഭിഭാഷകവൃത്തി നടത്തിയ യുവതിയെ കണ്ടെത്താൻ മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിക്കുന്നു. വിവരം പുറത്തായതോടെ ഒളിവിലായ കുട്ടനാട് രാമങ്കരി നീണ്ടിശേരിയിൽ സെസി സേവ്യറിന്റെ (27) ഫോൺ സ്വിച്ച് ഓഫ് ആണ്. സെസി മാർച്ചിൽ നാടുവിട്ടെന്നാണു പൊലീസ് കരുതിയിരുന്നത്. എന്നാൽ, അതിനുശേഷം നടന്ന ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിലാണ് ലൈബ്രേറിയനായി ജയിച്ചതെന്നും ഒരാഴ്ച മുൻപുവരെ ഇവർ ആലപ്പുഴയിലുണ്ടായിരുന്നുവെന്നും അഭിഭാഷകർ പറഞ്ഞു.

ആൾമാറാട്ടം, വഞ്ചന കുറ്റങ്ങൾ ചുമത്തിയാണ് സെസിക്കെതിരെ കേസെടുത്തിട്ടുള്ളത്. സെസി അംഗത്വം നേടാൻ നൽകിയ രേഖകൾ ബാർ അസോസിയേഷനിൽ നിന്നു നഷ്ടപ്പെട്ടതായി ഭാരവാഹികൾ നൽകിയ പരാതിയിൽ പറയുന്നു. ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഈ രേഖകൾ യുവതി തന്നെ മാറ്റുകയോ നശിപ്പിക്കുകയോ ചെയ്തുവെന്നാണു സംശയിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകയുടെ റോൾ നമ്പറാണ് അംഗത്വമെടുക്കുമ്പോൾ നൽകിയതെന്നു ബാർ അസോസിയേഷന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ 15ന് ഇതു സംബന്ധിച്ച് ഊമക്കത്ത് ലഭിച്ചതിനെ തുടർന്നായിരുന്നു അന്വേഷണം. 

സെസിയോട് 24 മണിക്കൂറിനുള്ളിൽ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്ന്, അസോസിയേഷനിൽ നിന്നു പുറത്താക്കി. പിന്നീടാണ് അസോസിയേഷൻ പൊലീസിൽ പരാതി നൽകിയത്. തിരുവനന്തപുരം ലോ അക്കാദമിയിൽ എൽഎൽബിക്കു ചേർന്നെങ്കിലും പൂർത്തിയാക്കിയില്ലെന്നും അതിനാൽ സാക്ഷ്യപത്രം ഹാജരാക്കാൻ കഴിയില്ലെന്നുമാണ് സഹ അഭിഭാഷകർ പറയുന്നത്. ബാർ അസോസിയേഷനിൽ 2018 മാർച്ച് മുതൽ പ്രവർത്തിച്ച സെസിക്കു 2019 മാർച്ചിലാണ് അംഗത്വം നൽകിയത്.

ഹൈക്കോടതിയിൽ എൻറോൾ ചെയ്യുന്നവർക്കു മാത്രമേ അഭിഭാഷകവൃത്തിയിൽ ഏർപ്പെടാൻ കഴിയൂ. ഇതില്ലാതെ സെസി കോടതിയിൽ കേസ് വാദിക്കുകയും ഇരുപത്തഞ്ചോളം കേസുകളുമായി ബന്ധപ്പെട്ട് അഭിഭാഷക കമ്മിഷനായി വിവിധ സ്ഥലങ്ങളിൽ പോകുകയും ചെയ്തിട്ടുണ്ട്. എൽഎൽബി പൂർത്തിയാക്കാതെ ബെംഗളൂരുവിൽ ഒരു കോഴ്സിനു ചേർന്നിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.