കടല്‍ ഇല്ലാത്ത കോട്ടയത്തിന് കൗതുകമായി പടക്കപ്പല്‍; ചരക്ക് നീക്കത്തില്‍ നാഴികക്കല്ല്

കടല്‍ത്തീരമില്ലാത്ത കോട്ടയത്ത് പോര്‍ട്ട് യാഥാര്‍ഥ്യമായപ്പോള്‍ അത്ഭുതപ്പെട്ടവര്‍ക്ക് വീണ്ടുമൊരു കൗതുക വാര്‍ത്തയായിരിക്കുകയാണ് പടക്കപ്പലിന്റെ വരവ്. ഇന്ത്യന്‍ നാവിക സേനയുടെ ഡീ കമ്മീഷന്‍ ചെയ്ത പടക്കപ്പലാണ് നാട്ടകത്തെ പോര്‍ട്ടില്‍ എത്തിച്ചത്. 

ഫാസ്റ്റ് അറ്റാക് ക്രാഫ്റ്റ് ഗണത്തില്‍പ്പെട്ട റ്റി-81 എന്ന പടക്കപ്പലാണ് കോട്ടയം പോര്‍ട്ടിലെത്തിയത്. ഇന്ത്യന്‍ നാവികസേനയുടെ പഴയ പടക്കുതിരകളിലൊന്ന്.  25 മീറ്റര്‍ നീളമുള്ള കപ്പല്‍ ഗോവ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് 1999ലാണ് നിര്‍മിച്ചത്. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ആസ്ഥാനത്തിന്റെ ഭാഗമായ ഈ കപ്പല്‍ മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളില്‍ തീരദേശ സുരക്ഷ, തുറമുഖ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. രണ്ട് ബോട്ടുകള്‍ക്കിടയില്‍ ഘടപ്പിച്ചാണ് കപ്പല്‍ കൊണ്ടുവന്നത്.  കപ്പലെത്തിയത് കോട്ടയം തുറമുഖം വഴിയുള്ള ചരക്ക് നീക്കത്തില്‍ നാഴികക്കല്ലാകുമെന്നാണ് പ്രതീക്ഷ.

തിരുവനന്തപുരം ആസ്ഥാനമായുള്ള വൈറ്റലൈന്‍ എന്ന സ്ഥാപനത്തിനാണ് കപ്പലിന്റെ കയറ്റിറക്ക് ചുമതല.  മുംബൈയില്‍ നിന്നും കൊച്ചി വഴി കോട്ടയത്തെത്തിച്ച കപ്പല്‍ എതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രത്യേക വാഹനത്തില്‍ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആലപ്പുഴ ബീച്ചിലെ പോര്‍ട്ട് മ്യൂസിയത്തിലാവും പിന്നീട് ഈ കപ്പല്‍ സൂക്ഷിക്കുക.