ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പ്പറേഷന് പച്ചക്കറി നല്‍കി; ഒരു വർഷം കഴിഞ്ഞിട്ടും പണം ലഭിച്ചില്ല

കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് കേരള ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പ്പറേഷന് പച്ചക്കറി നല്‍കിയതിനുള്ള പണം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മൈസൂരുവിലെ കര്‍ഷകരുടെ കൂട്ടായ്മ. 54.23 ലക്ഷം രൂപയാണ് ലഭിക്കാനുള്ളത്. മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും പലതവണ കത്തെഴുതിയിട്ടും അനുകൂല നടപടിയുണ്ടായില്ലെന്നും ആരോപണം. വിഡിയോ റിപ്പോർട്ട് കാണാം. 

കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരാണ് കിട്ടാനുള്ള പണത്തിനായി കേരള ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പ്പറേഷന്‍റെ വാതിലില്‍ മുട്ടുന്നത്. അതും ഒരുവര്‍ഷം മുന്‍പ് വിറ്റഴിച്ച പച്ചക്കറിയുടെ പണം. ബാങ്ക് ലോണിലൂടെ കൃഷിയും ജീവിതവും മുന്നോട്ട് കൊണ്ടുപോകുന്ന ‌ഇവരില്‍ പലര്‍ക്കും തിരിച്ചടവ് മുടങ്ങിയിട്ട് മാസങ്ങളായി. കാർഷിക ഉൽപന്നങ്ങളുടെ വിലത്തകർച്ചയും ഭാരിച്ച ഉല്‍പാദനച്ചെലവും ഉണ്ടാക്കുന്ന പ്രതിസന്ധി വേറെ. കിട്ടാനുള്ള 54.23 ലക്ഷം രൂപയാകട്ടെ 1200 പേര്‍ക്ക് വീതിച്ച് നല്‍കാനുള്ളതാണ്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍, ഹോർട്ടികൾച്ചർ എംഡി എന്നിവര്‍ക്ക് കത്തയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നാണ്  റൈത്തമിത്ര ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സിന്‍റെ പരാതി. 

ലോക്ഡൗണ്‍കാലത്ത് മൂന്നിരട്ടിയില്‍അധികം വാടകയിനത്തില്‍ ചെലവഴിച്ചാണ് ഇവര്‍ പച്ചക്കറി കേരളത്തിലെത്തിച്ചത്. ലാഭമൊന്നും നോക്കാതെ നടത്തിയ കച്ചവടത്തില്‍ ചെലവായ തുകയ്ക്കായാണ് അധികൃതരുടെ കനിവ് തേടുന്നത്. പ്രളയകാലത്ത് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

5 ലക്ഷം രൂപ സംഭാവന നല്‍കിയ കർഷക കൂട്ടായ്മ്ക്കാണ് ഇൗ ദുര്‍ഗതി.