കടം കൂടുന്നു; സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ശാസ്ത്രസാഹിത്യ പരിക്ഷത്

സില്‍വര്‍ ലൈനിലെ വിയോജിപ്പിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന്‍റെ കടമെടുപ്പിനെ വിമര്‍ശിച്ച് ശാസ്ത്രസാഹിത്യ പരിക്ഷത്. കടം വര്‍ധിക്കുന്നത് വികസനത്തിന്‍റെ ലക്ഷണമായി വ്യാഖ്യാനിക്കുന്നതിനോട് യോജിക്കാനാവില്ലെന്നാണ് പരിക്ഷത്തിന്‍റെ സംഘടനാരേഖ പറയുന്നത്. വികസനത്തിനുവേണ്ടി കടമെടുക്കുന്നതില്‍ കുഴപ്പമില്ലെന്ന സര്‍ക്കാര്‍ നിലപാടിനെയാണ് സിപിഎം അംഗങ്ങളും സഹയാത്രികരും കൂടുതലുള്ള ശാസ്ത്രസാഹിത്യ പരീക്ഷത്ത് ചോദ്യം ചെയ്യുന്നത്. 

ശാസ്ത്ര സാഹിത്യപരിക്ഷത്തിന്‍റെ അമ്പത്തൊമ്പതാം സംസ്ഥാന വാര്‍ഷികത്തിന്‍റെ ഭാഗമായി നടക്കുന്ന ജില്ലാ സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതിന് തയ്യാറാക്കിയ സംഘടനാരേഖയിലാണ് സംസ്ഥാന സര്‍ക്കാരിനെ ചോദ്യം ചെയ്യുന്ന പരാമര്‍ശങ്ങളുള്ളത്. 

പുതിയ കേരളത്തിന് ചില ആലോചനക്കുറിപ്പുകള്‍ എന്ന പേരിലുള്ള രേഖ സര്‍ക്കാരിന്‍റെ പൊതുകടം വലിയതോതില്‍ വര്‍ധിക്കുന്നു എന്ന് വിമര്‍ശിക്കുന്നു. കടം വര്‍ധിക്കുന്നത് വികസനത്തിന്‍റെ ലക്ഷണമായി വ്യാഖ്യാനിക്കുന്നതിനോട് പരിക്ഷത്തിന് യോജിക്കാനാവില്ല. സര്‍ക്കാരിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കോ വികസനപ്രവര്‍ത്തനങ്ങള്‍ക്കോ വലിയ അളവില്‍ കടംവാങ്ങുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമാവില്ല. കോവിഡിനെ തുടര്‍ന്ന് സാമ്പത്തികസ്ഥിതി മോശമായെന്നു പറഞ്ഞ് കടമെടുപ്പിനെ ന്യായീകരിക്കുന്ന സര്‍ക്കാര്‍ നിലപാടും പരിക്ഷത്ത് ചോദ്യം ചെയ്യുന്നു. 

കോവിഡും അതിനെത്തുടര്‍ന്നുള്ള അടച്ചിടലും സംസ്ഥാനത്തിനുമേല്‍ വലിയ സമ്മര്‍ദമുണ്ടാക്കുന്നു എന്നത് കാണാതിരിക്കേണ്ട. എന്നാല്‍ കടത്തിന്‍റെ വളര്‍ച്ചാ ഗ്രാഫ് മുമ്പുതന്നെ മുകളിലേക്കായിരുന്നെന്നും പരിക്ഷത്ത് ഓര്‍മിപ്പിക്കുന്നു. വിദേശത്തുനിന്ന് വായ്പയെടുത്ത് സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തിനും പരോക്ഷ വിമര്‍ശനമുണ്ട്. 

സാമ്പത്തികശാസ്ത്രത്തിന്‍റെ സാങ്കേതിക പദാവലികളില്‍ കടമെന്നാല്‍ വിദേശനിക്ഷേപവും അടങ്ങും. പണം വരവിനായുള്ള വിദേശാശ്രിതത്വം പരമാവധി കുറയ്ക്കുക തന്നെയാണ് വേണ്ടതെന്നാണ് രേഖ പറയുന്നത്. പുറത്തുനിന്നുള്ള പണം എത്രകാലം തുടരുമെന്ന് ഉറപ്പില്ലാത്ത ആരോഗ്യരാഷ്ട്രീയ കാലാവസ്ഥയിലേക്കാണ് ലോകം നീങ്ങുന്നതെന്ന് പരീക്ഷത്ത് മുന്നറിയിപ്പ് നല്‍കുന്നു.