സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വാങ്ങിയ കോവിഷീൽഡ് വാക്സീന്‍ കൊച്ചിയിൽ എത്തി

സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വാങ്ങിയ മൂന്നരലക്ഷം ഡോസ്  കോവിഷീൽഡ് വാക്സീന്‍  കേരളത്തിൽ എത്തി. കൊച്ചിയിൽ എത്തിച്ച വാക്സീൻ ഉടൻ മേഖലാ വാക്സിൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. മുൻഗണനാക്രമം നിശ്ചയിച്ച് 45 വയസിനു താഴെ പ്രായമുള്ളവർക്കാണ് വാക്സീൻ വിതരണം ചെയ്യുന്നത്. 

വാക്സീന്‍ പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാനത്തിന് ശുഭവാര്‍ത്തയുമായാണ് സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ വാക്സീന്‍ ആദ്യ ബാച്ച്

നെടുമ്പാശേരിയിൽ എത്തിയത്. സീറം ഇന്‍സ്ററിറ്റ്യൂട്ടില്‍ നിന്ന് വാങ്ങിയ കോവിഷീല്‍ഡ് വാക്സീന്റെ മൂന്നര ലക്ഷം ഡോസാണ് എത്തിച്ചത്.

വിമാനത്താവളത്തിൽ നിന്ന് വാക്സീൻ മഞ്ഞുമ്മലിലുള്ള കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ മരുന്ന് സംഭരണ വിതരണ കേന്ദ്രത്തിൽ എത്തിച്ച് സംസ്ഥാനത്തെ മൂന്ന് റീജിയണൽ സെന്ററുകളിലെക്ക് മാറ്റി അവിടെ നിന്നാണ് വിതരണം.

18 നും നാല്പത്തിനാലിനും ഇടയില്‍ പ്രായമുളളവരുടെ കുത്തിവയ്പിന്  ഈ വാക്സീന്‍ ഉപയോഗിക്കും. ഈ വിഭാഗത്തിലുളള ഗുരുതര രോഗികള്‍ക്കാണ് ആദ്യ പരിഗണന. സമൂഹവുമായി അടുത്തിടപഴകേണ്ടി വരുന്ന ബസ് കണ്ടക്ടര്‍മാര്‍, കടകളിലെ  ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ എന്നിവര്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്സീന്‍ നല്കും. വിതരണം സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം ഇന്നത്തെ കോവിഡ് അവലോകന യോഗത്തിനു ശേഷം പൊതു ജനങ്ങള്‍ക്ക് നല്കും. 

അതേസമയം സ്വകാര്യമേഖലയും വിതരണത്തിന് തയാറെടുക്കുകയാണ്. എറണാകുളത്ത് അപ്പോളോ അഡ് ലക്സ് ആശുപത്രിയില്‍ കുത്തിവയ്പ് തുടങ്ങി. 5000 ഡോസ് വാക്സീന്‍ ലഭിച്ച ഇവിടെ ഇന്നുമുതല്‍ പ്രതിദിനം 150 പേര്‍ക്ക് വീതം കുത്തിവയ്പ് നല്കും.  1250 രൂപയാണ് ഈടാക്കുന്നത്,  മറ്റ് ചില സ്വകാര്യ ആശുപത്രികളിലും ഉടന്‍ വാക്സിനേഷന്‍ തുടങ്ങും.