ഇഴഞ്ഞുനീങ്ങി ആശുപത്രി കെട്ടിടംപണി; തുരുമ്പെടുത്ത് 50 ലക്ഷത്തിന്റെ ഉപകരണങ്ങൾ

തിരുവനന്തപുരം കന്യാകുളങ്ങര ആശുപത്രിയിൽ കെട്ടിടo പണി പൂർത്തിയാകാത്തതിനാൽ 50 ലക്ഷം രൂപയുടെ ട്രോമ കെയർ ഉപകരണങ്ങൾ തുരുമ്പെടുക്കുന്നു. എംസി റോഡിലുണ്ടാകുന്ന അപകടങ്ങളിൽ ജനങ്ങൾക്ക് തുണയാകേണ്ട ആശുപത്രിക്കെട്ടിടത്തിന്റെ പണിയാണ് ഇഴഞ്ഞ് നീങ്ങുന്നത്.  

എം സി റോഡിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കും തിരുവനന്തപുരം മെഡിക്കൽ കോളജിനും ഇടയിലുള്ള പ്രധാന ആശുപത്രി എന്ന നിലയിലാണ് കന്യാകുളങ്ങര ആശുപതിയിൽ ട്രോമ കെയർ യൂണിറ്റ് തുടങ്ങാനുള്ള തീരുമാനം. 50 ലക്ഷത്തിന്റെ ഉപകരണങ്ങളുമെത്തിച്ചെങ്കിലും ലേബർ റൂമിന്റെ തൊട്ടു ചേർന്ന് പൊടിയും മാറാലയും മൂടി കിടപ്പുണ്ട്. 2020 ൽ പഴയ കെട്ടിടം പൊളിച്ചു മാറ്റി. പുതിയ കെട്ടിടം പണി പക്ഷേ എങ്ങുമെത്തിയില്ല. പ്ളാൻ തയാറാക്കാൻ കൺസൾട്ടൻസിയെ ഏൽപിച്ചിരുന്നു.. ഇതുവരെ 40 ലക്ഷം ചെലവിട്ടെങ്കിലും  കൃത്യമായ പ്ളാൻ പോലും കരാറുകാരന് കിട്ടിയിട്ടില്ലെന്നാണ് പരാതി.