ലോക്ഡൗൺ ലംഘിച്ചോ? പാട്ട് പാടിയിട്ട് പോയാൽ മതി; അടവ് മാറ്റി പൊലീസ്

ലോക്ഡൗൺ ലംഘിക്കുന്നവരെ ഉപദേശിച്ചിട്ടും പിഴയീടാക്കിയിട്ടും വടിയെടുത്തിട്ടും രക്ഷയില്ലെന്ന് കണ്ടതോടെ പുതിയ മാർഗം പയറ്റുകയാണ് കമ്പം പൊലീസ്. ലോക്ഡൗൺ ലംഘനത്തിന് പിടിക്കപ്പെട്ടാൽ പുൽത്തകിടിയിൽ സാമൂഹിക അകലം പാലിച്ചിരുന്ന് പാട്ടുപാടുക. ഒറ്റയ്ക്കല്ല, നാഗസ്വരക്കാരും സഹായിക്കാൻ ഉണ്ടാകും. പിന്നാലെ അവരുടെ ക്ലാസും. നാണംകെട്ടിട്ടാണെങ്കിലും പുറത്തിറങ്ങുന്നത് അവസാനിപ്പിക്കണമെന്നാണ് പൊലീസിന്റെ പക്ഷം.

കമ്പം നോർത്ത് സി ഐ കെ ശിലാമണിയാണ് ഈ സഹൃദയൻ. ലോക്ഡൗണിൽ പണിക്ക് പോകാൻ മാർഗമില്ലാത്തതിനാൽ പിടിയിലാകുന്നവരിൽ നിന്ന് ഈ പൊലീസ് ഫൈനടിക്കില്ല. പകരം നല്ല ഉപദേശം നൽകും. കഴിഞ്ഞ ദിവസം നിയമം ലംഘിച്ച് പുറത്തിറങ്ങിയ പന്ത്രണ്ടുപേരെ പൊലീസ് പിടിച്ചിരുത്തി പാട്ടുകച്ചേരി നടത്തിയാണ് വിട്ടയച്ചത്.