വകുപ്പുകളുടെ അനാസ്ഥ; തകര്‍ന്ന് തരിപ്പണമായി അറക്കുളം റോഡ്; ദുരിതയാത്ര

ഇടുക്കി അറക്കുളം പഞ്ചായത്തില്‍ കണ്ടാല്‍ വാഹനത്തിലെന്നല്ല നടന്നുപോകാന്‍പോലും ഭയക്കുന്ന ഒരു റോഡുണ്ട്. തൊടുപുഴ പീരുമേട് താലൂക്കുകളെ ബന്ധിപ്പിക്കുന്ന റോഡ‍ാണ് സര്‍ക്കാര്‍ വകുപ്പുകളുടെ അനാസ്ഥ കാരണം തകര്‍ന്ന് കിടക്കുന്നത്. വനം വകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള പ്രശ്നങ്ങളാണ് അഞ്ഞൂറോളം കുടുംബങ്ങളുടെ യാത്രാ ദുരിതത്തിന് കാരണം. 

ഒട്ടേറെ ആദിവാസികുടുംബങ്ങൾക്ക് പുറം ലോകത്തെത്താനുള്ള ഏക വഴിയാണിത്. പതിപ്പള്ളി മുതല്‍ മേമുട്ടം വരെ ഇതാണ് സ്ഥിതി. മൂലമറ്റത്തുനിന്നും കെഎസ്ഇബി കോളനി വഴി പതിപ്പള്ളി വരെ ടാർ ചെയ്ത റോഡ് ഉണ്ട്. ഇവിടെ നിന്നു നിലവിലുള്ള 9.5 കിലോമീറ്റർ ദൂരത്തിലുള്ള മൺ റോഡിന്റെ വീതി കൂട്ടി ടാറിങ് ചെയ്യുന്നതിന് 9.38 കോടി രൂപ വകയിരുത്തിയിരുന്നു. പണി തുടങ്ങിയെങ്കിലും വനം വകുപ്പ് ഇടംകോലിട്ടു.

ആശുപത്രിയില്‍ പോകാന്‍ നാട്ടുകാര്‍ക്ക് ഈ അപകടയാത്ര തന്നെയാണ് ശരണം.  തൊടുപുഴ ഭാഗത്തുനിന്നും ഇതുവഴി പോയാൽ കട്ടപ്പനയിൽ എത്താന്‍ 20 കിലോമീറ്റർ ദൂരം കുറച്ചു സഞ്ചരിച്ചാൽ മതി. റോഡ് പൂർത്തിയാകാതിരിക്കാൻ ചില ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ചരടുവലിക്കുന്നതായും ആക്ഷേപമുണ്ട്.