കുശലാന്വേഷണമില്ല, കവിതകളും മഹദ്‌വചനങ്ങളുമില്ല; ഗതിവേഗത്തിൽ ഒരു ബജറ്റ്

ഏറെക്കാലത്തിന് ശേഷമാണ് കവിതകളില്ലാത്ത കണക്കുമാത്രമായ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചത്. ബജറ്റ്  തയാറാക്കിയതിലും അവതരണ ശൈലിയിലും  പ്രകടമായ മാറ്റം. ഒരുമണിക്കൂറില്‍ ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയ ബാലഗോപാല്‍ നയം വ്യക്തമാക്കി. വിഡിയോ റിപ്പോർട്ട് കാണാം. 

വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ അഞ്ചുവര്‍ഷവും ഒന്നാംപിണറായി വിജയന്‍ സര്‍ക്കാരില്‍ മറ്റൊരഞ്ചുവര്‍ഷവും. ഒരോബജറ്റ് അവതരണവും ആഘോഷിച്ച് ആസ്വദിച്ചിരുന്നു ഡോ. തോമസ് ഐസക്. കണക്കുകള്‍ക്കിടെ കവിതകളും ഉദ്ധരിണികളുമായി വര്‍ണതോരണങ്ങള്‍ നിറഞ്ഞ ബജറ്റുകള്‍. രണ്ടുമണിക്കൂറില്‍ കുറയാത്ത ബജറ്റ് പ്രസംഗങ്ങള്‍. സഭാതലത്തില്‍ നേരത്തെ എത്തി സകലരുമായുള്ള കുശലാന്വേഷണങ്ങള്‍.  വിഴിഞ്ഞത്തെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലിരുന്നുള്ള ബജറ്റെഴുത്തുമുതല്‍  ബജറ്റ് അവതരണത്തിന് ഔദ്യോഗിക വസതിയില്‍ നിന്ന് ഇറങ്ങുന്നതുപോലും ദൃശ്യവിരുന്നാക്കിയിട്ടുണ്ട് ഐസക്. അമ്മയുമൊത്തുള്ള പ്രഭാത ഭക്ഷണവും ബജറ്റ് ഉള്ളടക്കത്തെക്കുറിച്ചുള്ള ചെറുസൂചനകളും ഒക്കെയായി ആഘോഷത്തോടെ തുടങ്ങുന്ന പകലുകള്‍. നീളന്‍ കുര്‍ത്തയുടെ നിറത്തില്‍പ്പോലും വ്യാഖ്യാനങ്ങള്‍ക്ക് അവസരം നല്‍കി ഐസക്. ആ ധനമന്ത്രിയേ അല്ല ഈ ധനമന്ത്രി. 

സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ കുടുസുമുറിയിലിരുന്നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ബാലഗോപാല്‍ പൂര്‍ത്തിയാക്കിയത്. വെളുപ്പിന് മൂന്നിന് ഉറങ്ങി. അതുകാരണം സര്‍ക്കാര്‍ പ്രസില്‍ നിന്ന് ബജറ്റ് അച്ചടി പൂര്‍ത്തിയാക്കിയെത്തിയ ഉദ്യോഗസ്ഥര്‍ക്ക് അല്‍പം കാത്തിരിക്കേണ്ടിവരുന്നു. ബജറ്റ് ഏറ്റുവാങ്ങി നേരെ നിയമസഭയിലേക്ക് .അവിടെയുമെല്ലാം സാധാരണ ദിവസത്തെപ്പോലെ.  അധികം കുശലാന്വേഷണങ്ങളില്ല. കവിതകളോ മഹദ്വജനങ്ങളോ ഇല്ല. ബജറ്റ് വായനയിലും ഗതിവേഗം. ഒരുമണിക്കൂറില്‍ സര്‍ക്കാര്‍ നയവും പദ്ധതികളും വിവരിച്ച് ഹ്രസ്വമായ ഉപസംഹാരം.